Kozhikode Police: 'സല്യൂട്ട് കൊടുത്തില്ലേൽ പണി പാളും': കോഴിക്കോട് സിറ്റിയിലെ പൊലീസുകാർക്ക് സല്യൂട്ട് പീഡനം

By Asianet MalayalamFirst Published Dec 3, 2021, 4:24 PM IST
Highlights

രണ്ടാഴ്ചക്കിടെ മൂന്ന് പേരാണ് സല്യൂട്ട് നൽകിയില്ലെന്ന പേരിൽ അച്ചടക്ക നടപടി നേരിട്ടത്. കൂടുതല്‍ നടപടി ഭയന്ന് ആരും പരാതി നല്‍കിയിട്ടില്ല. 

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസില്‍ (Kozhikode City Police) മേലുദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കാത്തതിന്‍റെ പേരില്‍ നടപടി. രണ്ടാഴ്ചക്കിടെ മൂന്ന് പേരാണ് സല്യൂട്ട് നൽകിയില്ലെന്ന പേരിൽ അച്ചടക്ക നടപടി നേരിട്ടത്. കൂടുതല്‍ നടപടി ഭയന്ന് ആരും പരാതി നല്‍കിയിട്ടില്ല. 

രണ്ടാഴ്ച മുന്‍പാണ് സല്യൂട്ട് പീഡനപരമ്പരയിലെ ഒരു കഥ അരങ്ങേറിയത്. തിരക്കേറിയ രാജാജി റോഡില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ മേലുദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. സല്യൂട്ട് കിട്ടാതിരുന്ന മേലുദ്യോഗസ്ഥൻ അതിവേഗം നടപടിയെടുത്തും. ഓർഡർലി മാർച്ചിൻ്റെ രൂപത്തിൽ ഉദ്യോഗസ്ഥന് പണി വന്നു. തിരക്കേറിയ രാജാജി റോഡില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഡ്യൂട്ടിയും നല്‍കി.

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല.  ഗുഡ് സര്‍വ്വീസ് എന്‍ട്രി കിട്ടിയ എഎസ്ഐയും വൈകാതെ നടപടി നേരിട്ടു. തൊപ്പി വച്ചത് ശരിയായില്ലെന്നോ സല്യൂട്ട് നല്‍കിയില്ലെന്നോ വ്യക്തമാക്കാതെയായിരുന്നു ഈ ഉദ്യോഗസ്ഥനെതിരായ നടപടി. ഫറോക്ക് സ്റ്റേഷനിലേക്ക് നല്‍കിയ സ്ഥലം മാറ്റ ഉത്തരവില്‍ പബ്ളിക്ക് ഗ്രൗണ്ട് എന്ന കാരണമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ചേവായൂര്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐയും സല്യൂട്ടിന്‍റെ പേരില്‍ നടപടി നേരിട്ടു. ഏ.ആര്‍.ക്യാമ്പില്‍ ഒരു ദിവസത്തെ ഡ്യൂട്ടിയായിരുന്നു ശിക്ഷ. 

സിറ്റി പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് മേലുദ്യോഗസ്ഥരുടെ സല്യൂട്ട് പീഡനത്തിന് കൂടുതലും ഇരയാവുന്നത്. അച്ചടക്ക നടപടി ഭയന്ന് ഇവരാരും പരാതി ഉന്നയിക്കാറില്ല. പലപ്പോഴും ട്രാഫിക്ക് ഡ്യൂട്ടി തിരക്കിനിടയിലാണ് ഇത്തരത്തില്‍ സല്യൂട്ട് പ്രശ്നം ഇവര്‍ നേരിടുന്നത്. സല്യൂട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഇവര്‍ ക്യത്യമായി പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം. അച്ചടക്ക നടപടിയല്ല തിരുത്തല്‍ പ്രക്രിയയാണ് ഇതെന്നും കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ് വ്യക്തമാക്കി. 
 

click me!