
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കവി കല്പറ്റ നാരായണൻ. മുഖ്യമന്ത്രിയാകാൻ വി ഡി സതീശൻ യോഗ്യനാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. യുഡിഎഫിന്റെ വിജയം വിസ്മയമല്ലെന്നും ജനങ്ങൾ ആഗ്രഹിച്ച മാറ്റമാണെന്നും കൽപറ്റ നാരായണൻ പ്രതികരിച്ചു.
ഇത്രയും ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് ഉണ്ടായിരിക്കുന്നതെന്ന് കൽപറ്റ വിമർശിച്ചു. ജനങ്ങൾ ആഗ്രഹിച്ച മാറ്റമാണ്. മാറ്റത്തിന് കിട്ടിയ വോട്ടാണെന്ന് അധികാരത്തിൽ വരുന്നവർ മനസ്സിലാക്കണം. വി ഡി സതീശൻ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്‍റെ കാൽക്കുലേഷൻ എല്ലാം ശരിയായിരുന്നു. വളരെ ആത്മാർത്ഥമായി പ്രവർത്തിച്ച മുസ്ലിം ലീഗിന്‍റെ പ്രകടനവും കാണാതെ പോവരുതെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിൽ പോസ്റ്റർ പ്രതിഷേധമുണ്ടായി. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാൻ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്‍റെ സംശയം. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലാണ് ഹൈക്കമാൻഡിനെതിരെ പോസ്റ്റർ പ്രതിഷേധം എന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കെ സി വേണുഗോപാലിന്‍റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് കൽപ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലീഷിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. പിന്നാലെ മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറൽ കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. ഹൈക്കമാൻഡ് കെ സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റർ രോഷപ്രകടനം നൽകുന്ന സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam