എറണാകുളം: കവിയും സാംസ്കാരികപ്രവർത്തകനുമായ ലൂയിസ് പീറ്റർ അന്തരിച്ചു. 59 വയസ്സായിരുന്നു. കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്നു. 'ലൂയിപ്പാപ്പൻ' എന്നാണ് അടുപ്പമുള്ളവർ അദ്ദേഹത്തെ വിളിച്ചിരുന്നത്.
മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം ജോലി രാജിവച്ച് പിന്നീട് മുഴുവൻ സമയസാഹിത്യകാരനായി. കൂട്ടായ്മകളിലൂടെയും സൗഹൃദങ്ങളിലൂടെയും ജീവിച്ചു.
കുറച്ചുകാലമായി വീട്ടിൽ അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും തിരികെ വീട്ടിലെത്തി വിശ്രമം തുടർന്നു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തത്.
1986-ലാണ് ലൂയിസ് പീറ്റർ ആദ്യകവിതയെഴുതുന്നത്. പിന്നീട് ഇരുപത് വർഷത്തെ നീണ്ട ഇടവേള. ഇതിന് ശേഷമാണ് വീണ്ടും കവിതയുമായി രംഗത്തെത്തിയതും, ജോലി രാജി വച്ച് സാഹിത്യ, സാംസ്കാരികക്കൂട്ടായ്മകളിലും കേരളത്തിലെ ചലച്ചിത്രോത്സവങ്ങളിലും സജീവമായതും. പിന്നീട് അദ്ദേഹത്തിന്‍റെ കവിതകളെല്ലാം ചേർത്ത് 'ലൂയിസ് പീറ്ററിന്‍റെ കവിതകൾ' എന്ന പുസ്തകം തൃശ്ശൂരിലെ 3000 ബിസി സ്ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധകസംഘം പുറത്തിറക്കി. 67 കവിതകളാണ് ഇതിൽ സമാഹരിക്കപ്പെട്ടത്.
‘നരകം സമ്മാനമായിത്തന്ന നാരായംകൊണ്ടാണ് ഞാനെഴുതാറുള്ളത്
അതിനാലാണ് എന്‍റെ കവിതകളില്‍ ദൈവത്തിന്‍റെ
കൈയക്ഷരമില്ലാതെ പോയത്’
എന്ന് ആ പുസ്തകത്തിന് നാന്ദിയായി ലൂയിസ് പീറ്റർ കുറിച്ചു.
ഡോളിയാണ് ഭാര്യ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam