ക്ലറിക്കൽ രീതിയിൽ കൈകാര്യം ചെയ്തതിലെ പിഴവ്, ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകും: സച്ചിദാനന്ദൻ

Published : Feb 03, 2024, 12:28 PM IST
ക്ലറിക്കൽ രീതിയിൽ കൈകാര്യം ചെയ്തതിലെ പിഴവ്, ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകും: സച്ചിദാനന്ദൻ

Synopsis

കിലോമീറ്റര്‍ കണക്കാക്കിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന് പണം നൽകിയത്.  നേരത്തെ ഈ പ്രശ്നം തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം

തൃശ്ശൂര്‍: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പ്രശ്നമാണെന്നും ബാലചന്ദ്രനണ്ടായ വിഷമത്തിൽ തങ്ങൾക്ക് സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിമിതമായ ഫണ്ട് കൊണ്ട് നടത്തുന്ന ഉത്സവമാണ്. ക്ലറിക്കൽ രീതിയിൽ കൈകാര്യം ചെയുമെന്ന് അറിയില്ലായിരുന്നു. കിലോമീറ്റര്‍ കണക്കാക്കിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന് പണം നൽകിയത്.  നേരത്തെ ഈ പ്രശ്നം തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയ തനിക്ക് 3500 രൂപ ചെലവായെന്നും പ്രതിഫലമായി കിട്ടിയത് 2400 രൂപയാണെന്നും പറഞ്ഞാണ് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത് വന്നത്. ഇനി തന്നെ ഇത്തരം പരിപാടികൾക്ക് വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പ് ഇങ്ങനെ...

എന്റെ വില
ബാലചന്ദ്രൻ ചുള്ളിക്കാട്

കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത്  ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024). കേരള ജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോത്സവം.  ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. 
ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്. 
പ്രതിഫലമായി എനിക്കു നൽകിയത്  രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)
എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക്  വെയ്റ്റിംഗ് ചാർജ്ജും ഡ്റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത്  മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).  
3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത്  സീരിയലിൽ അഭിനയിച്ചു ഞാൻ  നേടിയ പണത്തിൽനിന്നാണ്.
പ്രബുദ്ധരായ മലയാളികളേ, 
നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന്  കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.
മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം