
കമ്പംമേട്: കൊടിയ വിഷം തളിച്ച ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും നമ്മുടെ സംസ്ഥാനത്തേക്ക് അതിർത്തി കടന്ന് ഒഴുകിയെത്തുന്നത് നിർബാധം തുടരുകയാണ്. ഇവയുടെ ഗുണനിലവാരമോ ശരീരത്തിന് ഹാനികരമാകുന്ന വിഷത്തിന്‍റെ അളവ് പതിവായി പരിശോധിക്കുന്നതിനുളള സംവിധാനങ്ങളോ ഇന്നില്ല. ഭക്ഷണത്തിലെ മായം മാത്രമല്ല അതിർത്തി കടന്നെത്തുന്ന ഭക്ഷണത്തിലെ വിഷവും തടയാനുളള ഇടപെടലാണ് സർക്കാരിൽ നിന്നുണ്ടാകേണ്ടത്.
മുന്തിരി ഇലകൾ ബ്രൗൺ നിറമായി മാറുന്നതിന്, ഇല ചുരുണ്ടു പോകുന്നതിന്, കീടത്തിന്‍റെ ആക്രമണത്തിൽ മുന്തിരി വള്ളികളിലെ നീര് ഊറ്റിക്കുടിക്കുന്നതിന്, മുന്തിരിയുടെ ചാറ് വലിച്ചു കുടിക്കുന്ന കീടം എന്നിവയ്ക്കെല്ലാം ഓരോ തവണയും കീടനാശിനി വേണമെന്നാണ് മുന്തിരി കര്‍ഷകര്‍ വിശദമാക്കുന്നത്. മൂപ്പെത്തിയ മുന്തിരിക്കുലകൾ വിഷത്തിൽ മുക്കിയെടുത്തില്ലെങ്കില്‍ പടിക്കല്‍ കൊണ്ടുചെന്ന് കലമുടയ്ക്കുന്ന അവസ്ഥയാകുമെന്ന് കര്‍ഷര്‍ക്ക് അറിയാം. ചിതറിത്തെറിക്കുന്ന വിഷത്തുളളികൾ മലയാളിയുടെ നാവിൻ തുന്പിൽ രസമുകുളങ്ങൾ വിരിയിക്കാനുളളതാണ്. നാലുമാസത്തിനിടെ ഒരേക്കറിന് ഒന്നേകാൽ ലക്ഷം രൂപയുടെ കൊടിയ വിഷമരുന്നുകളാണ് പ്രയോഗിക്കുന്നത്.
തമിഴ്നാട്ടിലെ ഉത്തമപാളയത്തെ ഈ കൃഷിപ്പാടങ്ങളില്‍ വിതയ്ക്കുന്നതും കൊയ്യുന്നതും കേരളത്തിലേക്കുള്ള പഴങ്ങളും പച്ചക്കറികളുമാണ്. ഇവിടെയും കീടനാശിനി പ്രയോഗത്തിന് ഒരു കുറവുമില്ല. കന്പത്തിനടുത്തുളള കാമയ്യ ഗൗണ്ടൻപെട്ടിയിലും സ്ഥിതിയില്‍ അല്‍പം പോലും വ്യത്യാസമില്ല. മുപ്പതേക്കർ തോട്ടമുളള മുനിയാണ്ടിത്തേവർ രാവിലെ എത്തുന്നത് വിഷം വില്‍ക്കുന്ന കടയിലേക്കാണ്. കൃത്യസമയത്ത് വിഷ പ്രയോഗം നടന്നില്ലെങ്കില്‍ അത് വിളവിന് സാരമില്ലാത്ത കോട്ടമുണ്ടാക്കുമെന്ന് ഇവിടുത്തെ എല്ലാ കര്‍ഷകര്‍ക്കും അറിയാം.
കേരളം പണ്ടേ തന്നെ നിരോധിച്ച മോണോക്രോട്ടോഫോസ്, കാർബോഫുറാൻ, ഗ്ലൈഫോസേറ്റ് അടങ്ങിയ വിഷക്കുപ്പികളും കീടനാശിനികളും ഇവിടെ ഇപ്പോഴും നിര്‍ബാധം ലഭ്യമാണ് ഇവയാണ് പഴങ്ങളിലും പച്ചക്കറികളിലും പ്രയോഗിക്കുന്നതും. വലിയ മുതൽമുടക്കുളള കൃഷിയാണ്. ലാഭം വേണമെങ്കിൽ വിഷം വേണമെന്നാണ് അന്യ സംസ്ഥാനങ്ങളില്‍ പച്ചക്കറിയും പഴങ്ങളും കൃഷി ചെയ്യുന്ന കര്‍ഷകര്‍ വ്യക്തമാക്കുന്നത്. കേരളത്തിലേക്കായതുകൊണ്ടാണ് ആരും ചോദിക്കാനും പറയാനും ആരും വരില്ലെന്ന ഉറപ്പാണ് അന്യ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കുള്ളത്. തക്കാളിയും പടവലവും പാവയ്ക്കയും എന്നിങ്ങനെ മലയാളി കഴിക്കുന്ന പച്ചക്കറികളൊക്കെ വിഷത്തിൽ കുളിപ്പിച്ചെടുത്താണ് അതിര്‍ത്തി കടക്കുന്നത്.-
രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുളള കൃഷി പൊതുവിൽ തമിഴ്നാട്ടിൽ ആലോചിക്കാനേ കഴിയില്ലെന്ന് കര്‍ഷകരും പറയുന്നു. വിഷം നിറച്ച് വിളയിച്ച വാഴക്കുലകൾ, വിഷം തളിച്ച തക്കാളിയും വഴുതനയും ക്യാരറ്റും എല്ലാം അടുത്ത ദിവസങ്ങളില്‍ മലയാളിയുടെ തീൻ മേശയിലെത്താനുള്ളതാണെന്ന് ഫുഡ് എല്ലാം ഗുഡ് അല്ല ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയുടെ ഭാഗമായി നടന്ന അന്വേഷണത്തില്‍ വ്യക്തമായി. ഇത്രയും വിഷം നിറഞ്ഞ പച്ചക്കറികളും പഴങ്ങളും അതിര്‍ത്തി കടക്കുന്നതെങ്ങനെയാണെന്ന് അമ്പരക്കാനില്ലെന്ന് ഇവര്‍ക്കൊപ്പമുള്ള യാത്രയില്‍ ന്യൂസ് സംഘത്തിന് വ്യക്തമായി.
വാഹനം കന്പവും പിന്നീട്ട് ചുരംകയറി ഇടുക്കിയിലെ കന്പംമേട്ടിലേക്ക്. അതിർത്തി കടന്നെത്തുന്ന വിഷം നിറച്ച പച്ചക്കറികൾ പരിശോധിക്കാൻ എന്ത് സംവിധാനമാണുളളത്. പത്തുവർഷമായി പച്ചക്കറിലോറിയിൽ ഡ്രൈവറായ കട്ടപ്പന സ്വദേശി സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നത് ചെക്ക് പോസ്റ്റുകളില്‍ ഒരു പരിശോധനയുമില്ലെന്നതാണ്. ഹൊസൂര്‍, മൈസൂര്‍, മധുര, ചിന്നമന്നൂര്‍ ഇവിടെ നിന്നെല്ലാം പച്ചക്കറി കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും ഒരിക്കല്‍ പോലും ഇത്തരത്തിലെ പരിശോധനകള്‍ നേരിട്ടിട്ടില്ലെന്നും ഡ്രൈവര്‍ വിശദമാക്കി. ചെക്ക് പോസ്റ്റിലെത്തിയ ന്യൂസ് സംഘം കണ്ടത് ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. കന്പംമേട്ട് ചെക് പോസ്റ്റിലും യാതൊരു പരിശോധനയുമില്ല. വിഷം നിറച്ച പഴങ്ങളും പച്ചക്കറികളും യാതൊരു തടസവുമില്ലാതെ മലയാളിയുടെ തീൻമേശയിലേക്ക്
ചെക്ക് പോസ്റ്റിലെ പാലിലെ മായം വിവാദമായതിന് പിന്നിലെ കാരണം അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്; അന്വേഷണം