
തൃശ്ശൂര്‍: ചാലക്കുടിയിൽ ഗൃഹനാഥനേയും ഭാര്യയേയും വീട് കയറി ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ അന്തർ സംസ്ഥാന ക്രിമിനൽ പിടിയിൽ. സാമ്പത്തിക ഇടപാടുകളുടെ പേരിൽ കൊടകര ഇത്തുപ്പാടം സ്വദേശിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഭാര്യയുടെ ആഭരങ്ങളും പണവും കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് എറണാകുളം കുറുമാശ്ശേരി സ്വദേശി ഹരികൃഷ്ണൻ പിടിയിലായത്.
വർഷങ്ങൾക്ക് മുൻപ് യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കുതിരാൻ മലയിൽ തള്ളിയതടക്കമുള്ള കേസുകളിൽ പ്രതിയാണ് ഹരികൃഷ്ണൻ. രണ്ട് പതിറ്റാണ്ടു മുൻപ് വിവിധ ജില്ലകളിലായി മോഷണം, പിടിച്ചു പറി, ദേശീയ പാതയിൽ യാത്രക്കാരെ കൊള്ളയടിക്കൽ, വധശ്രമം, കൊലപാതകമടക്കം ഇരുന്നുറിലേറെ കേസുകളിൽ പ്രതിയാണ് ഇയാള്‍. കേരള, തമിഴ്നാട്, കർണ്ണാടക പൊലീസിന് തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ഹരി.
മൂന്ന് സംസ്ഥാനങ്ങളിലേയും വിവിധ പൊലീസ് സംഘങ്ങൾ ഇയാളെ തേടി നടക്കുകയായിരുന്നു. അടുത്ത കാലങ്ങളിൽ നടന്ന നിരവധി ക്ഷേത്രമോഷണങ്ങളിലും ഹരിക്കും സംഘത്തിനും പങ്കുള്ളതായും സംശയിക്കുന്നു. എറണാകുളം - തൃശ്ശൂർ ജില്ലാതിർത്തിയിലെ ഒരു ജ്വല്ലറിയിൽ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പൊലീസ് പിന്തുടരുന്നത് മനസിലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അതിസാഹസികമായാണ് ഹരിയെ പിടികൂടിയത്. പിടിയിലായപ്പോൾ ചെങ്ങമനാട് സ്വദേശി മോഹനൻ എന്ന വിലാസം നൽകി പൊലീസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഹരി ശ്രമിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam