പയ്യന്നൂരില്‍ മധ്യവയസ്കനെ ഇടിച്ചിട്ടിട്ടും നിര്‍ത്താതെ പോയ ബസ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 25, 2019, 11:09 AM IST
Highlights

ബസിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാതെ തലനാരിഴയ്ക്കാണ് രവീന്ദ്രന്‍ രക്ഷപ്പെട്ടത്. പരിക്കുപറ്റി റോഡില്‍ കിടന്ന രവീന്ദ്രനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ ബസ് കടന്നുകളയുകയായിരുന്നു

പയ്യന്നൂര്‍: കണ്ണൂർ പയ്യന്നൂരിൽ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ ഇടിച്ചിട്ടിട്ടും നിർത്താതെ പോയ സ്വകാര്യ ബസ് പൊലീസ് പിടികൂടി. കുന്നുരു സ്വദേശിയായ ഡ്രൈവര്‍ രതീശനെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂർ നഗരത്തിൽ വെച്ച് ബൈക്ക് യാത്രികനായ രവീന്ദ്രനെ പിറകിൽ നിന്ന് പാഞ്ഞുവന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു. ബൈക്ക് മറിഞ്ഞെങ്കിലും, ബസിന്‍റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങാതെ തലനാരിഴയ്ക്കാണ് രവീന്ദ്രൻ രക്ഷപ്പെട്ടത്.

സാജ് ലൈൻ എന്ന സ്വകാര്യ ബസാണ് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടിച്ചത് അറിഞ്ഞില്ലെന്നാണ് ക്ലീനറുടെയും ഡ്രൈവറുടെയും വിശദീകരണം. എന്നാൽ യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ബസ് നിര്‍ത്തിയില്ലെന്നത് വ്യക്തമായതോടെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

ജീവന്‍ രക്ഷപ്പെട്ടെങ്കിലും രവീന്ദ്രന്‍റെ നട്ടെല്ലിന് ക്ഷതവും തലയ്ക്ക് പരിയ്ക്കും വയറ്റില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഇതൊക്കെയുണ്ടായിട്ടും രവീന്ദ്രനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് കടന്നു കളഞ്ഞു. നാട്ടുകാരാണ് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പയ്യന്നൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിട്ടും നിർത്താതെ സ്വകാര്യ ബസ്


 

click me!