കണ്ണൂർ: പയ്യന്നൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിട്ടും സ്വകാര്യ ബസ് നിർത്താതെ പോയി. ചക്രങ്ങളിൽ കുടുങ്ങാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട പയ്യന്നൂർ സ്വദേശി രവീന്ദ്രന് അപകടത്തിൽ സാരമായ പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പയ്യന്നൂർ പൊലീസ് സ്വമേധയാ കേസെടുത്തു.

ഇന്ന് ഉച്ചയ്ക്ക് രവീന്ദ്രനെ പുറകിൽ നിന്ന് വന്ന സ്വകാര്യ ബസ് ഇടിച്ചിടുന്ന ദൃശ്യമാണിത്. ബൈക്ക് മറിഞ്ഞ്, ബസിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങാതെ തലനാരിഴക്കാണ് രവീന്ദ്രൻ രക്ഷപ്പെട്ടത്. പക്ഷെ വയറിന് ആഴത്തിൽ മുറിവേറ്റു. നട്ടെല്ലിന് ക്ഷതവും തലയ്ക്ക് പരിക്കുമുണ്ട്. 

എന്നാൽ അപകട സ്ഥലത്ത് നിർത്താതെ ബസ് കടന്നു കളഞ്ഞു. നാട്ടുകാരാണ് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാജ് ലൈൻ എന്ന സ്വകാര്യ ബസാണ് നിർത്താതെ പാഞ്ഞു പോയതെന്നാണ് നിഗമനം.

കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടമുണ്ടാക്കുന്നത് ഇതാദ്യമായല്ല. അപകടമുണ്ടായാൽ ഉടനെ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ കടന്നുകളയലാണ് പതിവ്. ബസ് ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.