ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

By Web TeamFirst Published Jun 26, 2022, 8:40 AM IST
Highlights

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്ത് കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. 

കൊച്ചി: എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച  സംഭവത്തെ തുടര്‍ന്ന്  സംസ്ഥാനത്ത്  നടന്ന  പ്രതിഷേധത്തിനിടെ  ആണ് ഡിസിസി ഓഫീസിലെ  കോൺഗ്രസ്  പതാക  കത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കാക്കനാട് സബ് ജയിലിലേക്ക് മാറ്റി.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേടെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ  സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനൊരു സമരം നടക്കുമോയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നത്. ജില്ലാനേതൃത്വത്തിന് പിടിപ്പുകേടുണ്ടായി. അക്രമം പാര്‍ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയില്‍ പൊതുവികാരമുണ്ടായി. മാര്‍ച്ച്  അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് ആക്രമിച്ച കേസിൽ കൂടുതൽ എസ്എഫ്ഐ പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുക്കും. ഇതുവരെ 29 പേരാണ് അറസ്റ്റിലായത്.

ഓഫീസ് ആക്രമണത്തിന് എതിരെ ഇന്നും കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തം ആകുകയും ചെയ്തു. മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി. ആരോഗ്യമന്ത്രി വീണ ജോർജിനും ജല മന്ത്രി റോഷി അഗസ്ത്യനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേ കരിങ്കൊടി കാട്ടിയിരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരും. രാഹുലിന്‍റെ തല്ലിത്തകര്‍ത്തവര്‍ക്ക് മുന്നറിയിപ്പുമായി കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ ആരും കാണില്ലെന്നായിരുന്നു കെ സുധാകരന്‍റെ മുന്നറിയിപ്പ്. ഓഫീസ് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

click me!