ദേശാഭിമാനി ഓഫീസ് ആക്രമണം; കെഎസ്‍യു സംസ്ഥാന വൈസ്പ്രസിഡന്‍റ് അടക്കം ഏഴ് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 27, 2022, 5:31 PM IST
Highlights

കെഎസ്‍യു  സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വയനാട്: കൽപ്പറ്റയില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ പൊലീസ്  അറസ്റ്റ് ചെയ്തു.  കെഎസ്‍യു  സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് റാലിക്ക് പിന്നാലെയാണ് കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന് നേരെയുള്ള കല്ലേറില്‍  ജനൽ ചില്ലുകൾ തകർന്നിരുന്നു. ആക്രമണത്തിന് പിന്നാലെ ദേശാഭിമാനി അധികൃതര്‍ നല്‍കിയ പരാതിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെ   കൽപ്പറ്റ പൊലീസ് കേസെടുത്തിരുന്നു.

സിപിഎം ഓഫീസുകള്‍ക്ക് നേരെയും ദേശാഭിമാനി പത്രത്തിന് നേരെയും നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. സി പി എമ്മിൻറെ ഓഫിസുകളും പത്ര സ്ഥാപനങ്ങളും ആക്രമിക്കുകയാമെന്നും കലാപം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോൺഗ്രസിന് രാഷ്ട്രീയ പാപ്പരത്തമാണ്. ഉദ്ദേശ്യ ശുദ്ധിപോലും ഇല്ലെന്നും പിണറായി  പറഞ്ഞു. 

Read More : ദേശാഭിമാനി ഓഫീസ് ആക്രമണം: കെഎസ് യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ്

വയനാട്ടിലെ ദേശാഭിമാനി പത്രം ഓഫിസിന് നേരെ ഉണ്ടായ അക്രമത്തെ കോൺഗ്രസ് തളളിപ്പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന പ്രതിഷേധത്തെ സിപിഎമ്മും എൽ ഡി എഫും  അപലപിച്ചു. സർക്കാർ കർക്കശമായ നിയമ നടപടികളിലേക്ക് കടന്നു. വീഴ്ച വരുത്തിയ ഡി വൈ എസ് പി യെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. എന്നിട്ടും അക്രമം നിർത്താൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.  

Read More :  മട്ടന്നൂരിൽ പൊലീസ് ജീപ്പിന് മുകളിൽ കയറി പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

click me!