ഓട്ടോഡ്രൈവറുടെ മരണത്തിന് കാരണമായ വാഹനാപകടമുണ്ടാക്കിയ ആളെ പൊലീസ് പിടികൂടി

By Web TeamFirst Published Mar 23, 2021, 11:16 PM IST
Highlights

 കേടായ ഓട്ടോറിക്ഷ റോഡരികിലിട്ട് നന്നാക്കുന്നതിനിടെ നാല് പേരെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും ശ്രമിക്കാതെ അപകടമുണ്ടാക്കിയ വാഹനം കടന്നു കളഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവറും മാത്തോട്ടം സ്വദേശിയുമായ പ്രജീഷ് മരിച്ചിരുന്നു. 

കോഴിക്കോട്: പന്നിയങ്കരയിൽ വാഹനാപകടമുണ്ടാക്കി കടന്ന് കളഞ്ഞയാളെ പിടികൂടി. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാമനാട്ടുകര സ്വദേശി ഷാഹുൽ ദാസ് ആണ് അറസ്റ്റിലായത്.

മാര്‍ച്ച് ആറിനാണ് പന്നിയങ്കര കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്. കേടായ ഓട്ടോറിക്ഷ റോഡരികിലിട്ട് നന്നാക്കുന്നതിനിടെ നാല് പേരെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും ശ്രമിക്കാതെ അപകടമുണ്ടാക്കിയ വാഹനം കടന്നു കളഞ്ഞു. ഓട്ടോ ഡ്രൈവറായ മാത്തോട്ടം കൊമ്മടത്തിൽ പ്രജീഷ് അപകടത്തിൽ മരിച്ചു. ഷിജിത്ത്, സന്തോഷ്, വിനു എന്നിവര്ക്ക് പരിക്കേറ്റു.

പുലർച്ചെ ഒന്നിന് നടന്ന അപകടത്തിൽ ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പന്നിയങ്ക പൊലീസ്. ഏറെ ശ്രമങ്ങൾക്കൊടുവിൽ വാഹനത്തിൻറെ മിഴിവില്ലാത്ത സിസി ടിവി ദൃശ്യം പൊലീസിന് കിട്ടി. ദൃശ്യത്തിൽ നിന്ന് വാഹനം ഏതാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

അവസാനം ജീപ്പ് കോമ്പസാണ് അപകടമുണ്ടാക്കിയതെന്ന് പന്നിയങ്കര പൊലീസ് കണ്ടെത്തി. വാഹനത്തിന് മുകളിലെ അഞ്ച് വരകൾ നോക്കിയായിരുന്നു ഈ കണ്ടെത്തൽ. ചാരനിറമുള്ള കോമ്പസിന് വേണ്ടിയായി പിന്നീടുള്ള അന്വേഷണം. ചുവന്ന ഷർട്ടിട്ട ഒരാളാണ് വാഹനം ഓടിച്ചതെന്ന് വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടർന്നു.

ഇതിനിടയിൽ വാഹനത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ ഒരാൾ രഹസ്യമായി പങ്കുവച്ചു. ഇതോടെ വാഹനമോടിച്ചയാളുടെ ടവർ ലൊക്കേഷൻ ശേഖരിച്ചു. അപകടം നടത്തിയത് കെഎൽ 64 എച്ച് 4000 എന്ന ജീപ്പ് കോമ്പസാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനമോടിച്ച രാമനാട്ടുകര കുറ്റിത്തൊടി ഹർഷ നിവാസിൽ ഷാഹുൽ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിൽ എടുത്തു. ഷാഹുൽ ദാസിൻറെ  ഭാര്യ അഞ്ജു രവീന്ദ്രൻറെ ഉടമസ്ഥതിലുള്ളതാണ് വാഹനം.

അമിത വേഗതയിലാണ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തി. വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വാഹനം ഒളിപ്പിച്ചിരിക്കുകയായിരുന്നു ഷാഹുൽ ദാസ്. പൊലീസ് അന്വേഷിക്കുന്നുണ്ടന്ന് മനസിലാക്കിയതോടെ വൈദ്യരങ്ങാടിയുള്ള ഇദ്ദേഹത്തിൻറെ ബന്ധുവീട്ടിലെ പറമ്പിലേക്ക് മാറ്റി ഒളിപ്പിച്ചു.

ഇൻ‍സ്പെക്ടർ റജീന കെ.ജോസ്, എസ്ഐമാരായ കെ.മുരളീധരൻ, ശ്രീജയൻ, സിപിഒമാരായ സുശാന്ത്, രജീഷ്, രമേശൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയായിരുന്നു അന്വേഷണം. മനപ്പൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, അപകടം നടന്നത് പൊലീസിനെ അറിയിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഷാഹുൽ ദാസിനെതിരെ ചുമത്തിയിരിക്കുന്നത്.

click me!