വളർത്ത് മൃഗങ്ങളെ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടല്‍; വര്‍ക്കല സ്വദേശി പിടിയില്‍, നൂറിലധികം പരാതിയന്ന് പൊലീസ്

By Web TeamFirst Published Aug 1, 2021, 3:12 PM IST
Highlights

സമാന വിഷയത്തില്‍ മുമ്പും ഇയാള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ നൂറിലധികം പരാതികൾ റിയാസിന് എതിരെ ഉണ്ടെന്നു പൊലീസ് പറഞ്ഞു. 

കൊച്ചി: അലങ്കാര പക്ഷികളുടെയും വളർത്ത് മൃഗങ്ങളുടെയും ഓൺലൈൻ വിൽപ്പനയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പ്രതി എറണാകുളത്ത് പിടിയിൽ. വർക്കല സ്വദേശി മുഹമ്മദ് റിയാസ് ആണ് മുനമ്പം പൊലീസിന്‍റെ പിടിയിലായത്. സംസ്ഥാനത്താകെ ലക്ഷങ്ങൾ തട്ടിയതിന് ഇയാൾക്കെതിരെ നൂറിലേറെ കേസുകൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അലങ്കാര പക്ഷികൾക്കും വളർത്ത് മൃഗങ്ങൾക്കമുള്ള വിവിധ വാട്സാപ്പ് ​ഗ്രൂപ്പുകളിൽ വ്യാജ ഐഡിയിലൂടെ അംഗത്വമെടുത്താണ് മുഹമ്മദ് റിയാസിന്‍റെ തട്ടിപ്പ്. സ്വന്തമായി ഒരു പെറ്റ്സ് ഷോപ്പ് പോലും ഇല്ലാത്ത ഇയാൾ ഓൺലൈനുകളിൽ നിന്ന് സംഘടിപ്പിക്കുന്ന വിലകൂടി പക്ഷികളുടെയും വളർത്ത് മൃങ്ങളുടെയും ചിത്രം പോസ്റ്റ് ചെയ്യും. ഇതുവഴി ആളുകളെ ആകർഷിച്ച് പണം അഡ്വാൻസ് വാങ്ങി മുങ്ങുന്നതാണ് രീതി. ഞാറയ്ക്കൽ കുഴിപ്പള്ളിയിലെ റിട്ട മർച്ചന്‍റ് നേവി ഉദ്യോഗസ്ഥന് ഇയാൾ 18,000 രൂപയ്ക്ക് ഒരു ജോഡി ഗ്രേ പാരറ്റ് ആണ് ഓഫർ ചെയ്തത്. ഗൂഗിൾ പേ വഴി പണം അഡ്വാൻസ് വാങ്ങി. പക്ഷെ മാസങ്ങളായിട്ടും പക്ഷികളെ നൽകിയില്ല.

ഗോവ പെറ്റ്സ്, ഡെയ്സി ഡേവിഡ്, ഷെർലോക് ഹോം എന്നിങ്ങനെ നിരവധി വ്യാജ ഐ‍ഡികൾ ഉപയോഗിച്ചാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തുന്നത്. നിരവധി സിംകാർഡുകളും ഇയാളുടെ പേരിലുണ്ട്. പണം വാങ്ങിയാൽ ഫോൺ സ്വിച്ച് ഓഫ് ആക്കുന്നതാണ് രീതി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരായ പരാതികളുണ്ട്.

2018ൽ വ്യാപാരിയിയിൽ നിന്ന് അഞ്ചുലക്ഷം തട്ടിയെടുത്ത കേസിൽ ജാമ്യത്തില്‍ ഇറങ്ങിയതാണ് കൊല്ലം മയ്യനാട് സ്വദേശിയായ മുഹമ്മദ് റിയാസ്. നിവിൻ ജോസഫ് എന്നായിരുന്നു യഥാർത്ഥ പേര്. നാല് വർഷം മുൻപ് മതം മാറി മുഹമ്മദ് റിയാസ് എന്നപേര് സ്വീകരിക്കുകയായിരുന്നു. ഭാര്യയുടെ പേരിലും മറ്റ് രണ്ട് സുഹൃത്തുക്കളുടെ പേരിലുമുള്ള അക്കൗണ്ടുകളിലാണ് ഇയാൾ വളർത്തുമൃഗങ്ങളെ നൽകാമെന്ന് ധരിപ്പിച്ച് പണം വാങ്ങിയിരുന്നത്. ഈ അക്കൗണ്ടുകളുടെ വിശദാംശവും മുനമ്പം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!