Joju george| ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Published : Nov 06, 2021, 07:38 AM ISTUpdated : Nov 06, 2021, 11:25 AM IST
Joju george| ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്;  യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Synopsis

അറസ്റ്റിലുള്ള ജോസഫിൻ്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.  

കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് (congress) നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (JoJu george) വാഹനം തകർത്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ജോജുവിന്‍റെ വാഹനം കല്ലുകൊണ്ട് തകർത്തിന് അറസ്റ്റിലായ പി ജി ജോസഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കറുകപ്പിള്ളിയിലെ വീട്ടിൽ നിന്നാണ് ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തത്. കോൺഗ്രസിന്‍റെ തൃക്കാക്കര മുൻ മണ്ഡലം പ്രസിഡന്‍റാണ് ഷെരീഫ്. 

പി ജി ജോസഫിന്‍റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് ജോസഫിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ​വഴിതടയലിൽ കുടുങ്ങിയവരിൽ രോ​ഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വഴിതടയൽ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാട്ടി. എന്നാലിതെന്നും കോടതി പരിഗണിച്ചില്ല. 

ഒത്തുതീർപ്പ് സാധ്യതകൾ കോൺഗ്രസും ജോജുവും നിരാകരിച്ചതോടെ കേസിലെ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയെന്നാണ് സൂചന. കേസിലെ എട്ട് പ്രതികളിൽ ആറുപേരാണ് പിടിയിലാകാനുള്ളത്. കൊച്ചി മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാൻ, മനു ജേക്കബ്, മണ്ഡലം പ്രസിഡന്‍റുമാരായ ജർജസ്, അരുൺ വ‍ർഗീസ് എന്നിവരാണ് പ്രതികൾ.

സമവായ ചർച്ചകളിൽ നിന്ന് മാറി നിയമനടപടികളിലേക്ക് കടന്നതോടെ ജോജുവിനെതിരെ സമരം ശക്തമാക്കാൻ ഇന്നലെ ചേർന്ന എറണാകുളം ഡിസിസി യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈറ്റിലയിൽ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതിന് ജോജുവിനെതിരെ കേസെടുക്കണമെന്ന ആവശ്യം മഹിള കോൺഗ്രസ് ശക്തമാക്കുന്നത്. അനൂകൂല തീരുമാനം വരുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയ പാത തകര്‍ച്ച: കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്തുമെന്ന് ദേശീയപാത അതോറിറ്റി
'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'