വയര്‍ലെസിലൂടെ അധിക്ഷേപം; ഡിസിപിക്കെതിരെ പൊലീസ് അസോസിയേഷന്‍, പരാതി

By Web TeamFirst Published Apr 15, 2021, 1:55 PM IST
Highlights

പൊലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പതിവായി നടത്തുന്ന വയര്‍ലെസ് മീറ്റിങ്ങിനിടെയായിരുന്നു കണ്‍ട്രോൾ റൂം സബ് ഇൻസ്പെക്ടറെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എം ഹേമലത കടുത്ത ഭാഷയില്‍ ശാസിച്ചത്. 
 

കോഴിക്കോട്: വയർലെസിലൂടെ പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോഴിക്കോട് ഡിസിപിയോട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോർട്ട് തേടി. പൊലീസ് അസോസിയേഷന്‍റെ പരാതിയെ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ 13 നായിരുന്നു പതിവ് വയർലെസിലൂടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹേമലത സബ് ഇന്‍സ്പെക്ടറെ കടുത്ത ഭാഷയില്‍ ശാസിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പതിവായി നടത്തുന്ന വയര്‍ലെസ് മീറ്റിങ്ങിനിടെയായിരുന്നു കണ്‍ട്രോൾ റൂം സബ് ഇൻസ്പെക്ടറെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എം ഹേമലത കടുത്ത ഭാഷയില്‍ ശാസിച്ചത്. 

ഫ്ളൈയിംഗ് സ്ക്വാഡിന്‍റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുളള ഉദ്യോഗസ്ഥന്‍ വേണമെന്ന നിര്‍ദ്ദശം നടപ്പാക്കാഞ്ഞതാണ് ഡിസിപിയെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് ഇത് പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഡിസിപിയുടെ രോഷം അടങ്ങിയില്ല. നിങ്ങള്‍ മൃഗങ്ങളാണോ? നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ തുടങ്ങി കടുത്ത പ്രയോഗങ്ങളും ഡിസിപി നടത്തി. വയര്‍ലെസ് മീറ്റിംഗിന്‍റെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരും കേള്‍ക്കെയായിരുന്നു ഈ അധിക്ഷേപം.

ഈ സംഭവത്തിന് പിന്നാലയാണ് പൊലീസ് അസോസിയേഷൻ പൊലീസ് കമ്മീഷണർ എ വി ജോർജ്ജിന് പരാതി നൽകിയത്. പരാതിയിന്‍മേല്‍ ഡിസിപിയോട് റിപ്പോര്‍ട്ട് തേടിയതായി കമ്മീഷണര്‍ പറഞ്ഞു. കണ്‍ട്രോൾ റൂം ഫ്ലൈയിംഗ്‌ സ്ക്വാഡിലെ എല്ലാ വാഹനങ്ങളിലും എസ് ഐ തലത്തിലുള്ള ഉദ്യോഗസ്ഥർ ഉണ്ടാവണമെന്ന് നേരത്തെ നിർദ്ദേശമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആറു ദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടി വന്ന പലരും അവധിയിലായാതിനാൽ ഈ നിർദ്ദേശം പാലിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യം അറിയാമായിരുന്നിട്ടും ഉന്നത ഉദ്യോഗസ്ഥ നടത്തിയ മോശം പദപ്രയോഗം പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന വിധത്തിലായെന്നാണ് അസോസിയേഷന്‍റെ പരാതി.

click me!