
ദില്ലി: ഐഎസ്ആർഒ ചാരക്കേസിലെ നമ്പി നാരായണനെതിരായ ഗൂഢാലോചനയിൽ സിബിഐയുടെ തുടരന്വേഷണത്തിനുള്ള സുപ്രീം കോടതി ഉത്തരവോടെ പന്ത് കേന്ദ്രസർക്കാരിൻറെ കോർട്ടിലെത്തുകയാണ്. സിബിഐ അന്വേഷണത്തിന് കോടതി നിബന്ധന വയ്ക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഐബി ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും തിരിഞ്ഞേക്കാം.
ചാരക്കേസ് കേരളത്തിലെ രണ്ടു മുന്നണികൾക്കെതിരെയും കേന്ദ്രം ഭരിക്കുന്ന ബിജെപി ആയുധമാക്കിയിരുന്നു. നമ്പിനാരായണന് എതിരെ ഗൂഢാലോചന നടന്നു എന്ന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ രാഷ്ട്രീയ യോഗങ്ങളിൽ ആരോപിച്ചിരുന്നു.
ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് സിബിഐക്ക് കൈമാറിയ സുപ്രീംകോടതി അന്വേഷണത്തിന് ഒരു പരിധിയും വച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ട് മാത്രമായി കണക്കാക്കിയാൽ മതിയെന്നാണ് നിർദ്ദശം. അതായത് ജസ്റ്റിസ് ജയിൻറെ കണ്ടെത്തലിന് അപ്പുറത്തേക്ക് പോകാനും സിബിഐക്ക് സ്വാതന്ത്ര്യം ഉണ്ടാകും.
ഗൂഢാലോചന തെളിയിക്കുന്നതിനൊപ്പം രാഷ്ട്രീയ നീക്കങ്ങളിലേക്കും സിബിഐ കടക്കാനുള്ള സാധ്യത എഴുതിത്തള്ളാൻ കഴിയില്ല. ഗൂഢാലോചനയുണ്ടെങ്കിൽ അത് കേരളത്തിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങുന്നതാവും എന്ന് സിബിഐ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഐബി ഉദ്യോഗസ്ഥരിലേക്കും അന്വേഷണം തിരിയാം. ഗുജറാത്ത് സർക്കാരിൻറെ കണ്ണിലെ കരടായിരുന്നു ആർബി ശ്രീകുമാർ എതിർവശത്തുള്ളപ്പോൾ സിബിഐ അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിൽ മാത്രം ഒതുക്കണമെന്നില്ല.
ഗ്രൂപ്പ് തർക്കത്തിൻറെ പേരിൽ കെ കരുണാകരനെതിരായ രാഷ്ട്രീയ ഗൂഢാലോചന കൂടി ആയിരുന്നു എന്ന് പ്രധാനമന്ത്രി തന്നെ ആരോപിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവരിൽ നിന്ന് സിബിഐ വിവരങ്ങൾ അറിയാൻ ശ്രമിക്കുമോ എന്നതും കാത്തിരുന്ന് കാണണം. മൂന്നു മാസത്തിനകം കോടതിക്ക് റിപ്പോർട്ട് നല്കണം എന്നു മാത്രമാണ് നിബന്ധന. റിപ്പോർട്ടിൻറെ ഉള്ളടക്കവും രഹസ്യമായിരിക്കെ സിബിഐക്ക് വലിയ നീക്കങ്ങൾക്കുള്ള അവസരമാണ് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ചിൻറെ ഉത്തരവോടെ തുറന്നു കിട്ടിയിരിക്കുന്നത്.
ചാരക്കേസ് കേരളത്തിലെ രണ്ടു മുന്നണികൾക്കെതിരെയും കേന്ദ്രം ഭരിക്കുന്ന ബിജെപി ആയുധമാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കുന്നതിനൊപ്പം രാഷ്ട്രീയ നീക്കങ്ങളിലേക്കും സിബിഐ കടക്കാനുള്ള സാധ്യത എഴുതിത്തള്ളാൻ കഴിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam