വിവരങ്ങൾ മറച്ചുവച്ച കാസര്‍കോട്ടെ കൊവിഡ് ബാധിതനെതിരെ കേസെടുത്തു

By Web TeamFirst Published Mar 22, 2020, 10:56 AM IST
Highlights

ഏരിയാൽ സ്വദേശിയുടെ സഞ്ചാരപാതയും ഭരണകൂടം പുറത്തുവന്നു. രണ്ട് കല്യാണ സത്കാരങ്ങൾ, കുട്ടിയുടെ ജന്മവുമായി ബന്ധപ്പെട്ട ആഘോഷം, ഫുട്ബോൾ മത്സരങ്ങൾ, ഗൃഹപ്രവേശം അടക്കം ഇയാൾ പങ്കെടുത്ത പരിപാടികൾ ഏറെയാണ്.

കാസർകോട്: കാസർകോട് വിവരങ്ങൾ മറച്ചുവച്ച കൊവിഡ് ബാധിതനെതിരെ പൊലീസ് കേസെടുത്തു. രോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്കെതിരയാണ് നടപടി. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. അതേസമയം, നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ എടുത്ത് തുടങ്ങി. ഹോം ക്വാറന്റൈന്‍ പാലിക്കാതെ പുറത്തിറങ്ങി നടന്നയാൾക്കെതിരെ കേസെടുത്തു.

സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഈ രോഗിയുടെ സഞ്ചാരപാതയും ഭരണകൂടം പുറത്ത് വന്നു. പതിനൊന്നിന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ 19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വരേയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയത്. രണ്ട് കല്യാണ സത്കാരങ്ങൾ, കുട്ടിയുടെ ജന്മവുമായി ബന്ധപ്പെട്ട ആഘോഷം, ഫുട്ബോൾ മത്സരങ്ങൾ, ഗൃഹപ്രവേശം അടക്കം ഇയാൾ പങ്കെടുത്ത പരിപാടികൾ ഏറെയാണ്. 16 ന് സ്വകാര്യ ആശുപത്രിയിലും. 17 ന് ജനറൽ ആശുപത്രിയിലും എത്തി. 

Also Read: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ? പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരമറിയിക്കാം

പിന്നീട് 19ന് ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നത് വരെ സഹോദരന്റെ വീട്ടിൽ തങ്ങിയെന്നാണ് റൂട്ട് മാപ്പിലുള്ളത്. രോഗി സഹകരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. അതേസമയം, നിർദേശം ലംഘിച്ച് തുറന്ന വ്യാപര സ്ഥാപനങ്ങൾ ജില്ലാ കളക്ടർ നേരിട്ടെത്തി പൂട്ടിച്ചു. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിട്ടും പുറത്തിറങ്ങി നടന്ന കുഡ്ലു സ്വദേശിക്കെതിരെയും കേസെടുത്തു. രണ്ട് സർക്കാർ സ്കൂളുകൾ ഐസൊലേഷൻ വാർഡാക്കി മാറ്റി. നിർദ്ദേശം ലംഘിക്കുന്നവരെ ഇവിടേക്ക് മാറ്റും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!