കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

By Web TeamFirst Published Oct 2, 2022, 11:57 PM IST
Highlights

ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക്  സന്തോഷ് രവീന്ദ്രൻ പിള്ളയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. 

കോടിയേരി ബാലകൃഷ്ണനെ അപമാനിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സംഭവത്തില്‍ സർക്കാർ ഉദ്യോഗസ്ഥനെതിരെ ശാസ്‌താംകോട്ട പൊലീസ് കേസെടുത്തു. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക്  സന്തോഷ് രവീന്ദ്രൻ പിള്ളയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. നേരത്തെ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും മെഡിക്കൽ കൊളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെ കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ വാട്സ് ആപ്പിൽ പോസ്റ്റും അടിക്കുറിപ്പുമിട്ടതിന് സസ്പെന്‍ഡ് ചെയ്തിരുന്നു.

സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാറാണ് ഉറൂബിനെതിരെ നടപടിയെടുത്തത്. വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്കൂളിന്‍റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. നടപടിയാവശ്യപ്പെട്ട് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. നടപടിയാവശ്യവുമായി സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉറൂബിനെതിരെ നടപടി എടുത്തത്. 

ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്ന കോടിയേരിയുടെ സംസ്ക്കാരം തിങ്കളാഴ്ച മൂന്ന് മണിക്കാണ് നടക്കുക.

കോടിയേരിയെ അധിക്ഷേപിച്ച് വാട്സ് ആപ്പ് പോസ്റ്റ്, പൊലീസുകാരന് സസ്പെൻഷൻ

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശ്ശേരി ടൌൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഈങ്ങയിൽപീടികയിലെ കോടിയേരി കുടുംബ വീട്ടിലേക്ക് എത്തി. തലശ്ശേരി ടൌൺ ഹാളിലെ 8 മണിക്കൂർ നീണ്ട പൊതുദർശനത്തിൽ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നിരവധിപ്പേരാണ് പ്രിയ സഖാവിനെ അവസാനമായി കാണാനായി ടൌൺ ഹാളിലേക്ക് എത്തിയത്. വീട്ടിൽ കുടുംബാംഗങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനായിരുന്നു സൌകര്യമൊരുക്കിയതെങ്കിലും നിരവധിപ്പേരാണ് വീട്ടിലും കാത്തുനിന്നത്.. 

click me!