ജോലിക്കായി വ്യാജബിരുദസർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസെടുത്തു

By Web TeamFirst Published Jul 13, 2020, 6:11 PM IST
Highlights

ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഹാജരാക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ഐടി ജോലിക്കായി സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന വിവരം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സ്പെയസ് പാർക്ക് ഓപ്പറേഷൻ മാനേജർ തസ്തികക്കു വേണ്ടിയാണ് വ്യാജരേഖ നൽകിയത്. പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളും പ്രതികളാണ്. ഐടി ജോലിക്കായി സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന വിവരം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.

അതേസമയം, സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ വാങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്കാണ് എൻഐഎ പ്രത്യേക കോടതി കസ്റ്റഡിയിൽ വിട്ടത്. ദേശീയ അന്വേഷണ ഏജൻസി ഓഫീസിലെത്തിക്കുന്ന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. നിര്‍ണ്ണായക മൊഴികളും തെളിവുകളുമാണ് എൻഐഎ പ്രതീക്ഷിക്കുന്നത്. 

Read Also: സ്വര്‍ണക്കടത്തിൽ ഭീകരവാദ ബന്ധമുണ്ടെന്ന് എൻഐഎ ; ഫൈസൽ ഫരീദ് മൂന്നാം പ്രതി , എഫ്ഐആര്‍ പുറത്ത്...

കസ്റ്റഡി അപേക്ഷയിൽ നിര്‍ണായക വെളിപ്പെടുത്തലാണ് എൻഐഎ കോടതിയിൽ നടത്തിയത്. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികൾക്കെതിരെ അന്വേഷണം നടക്കുക. യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്. എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 

ജ്വല്ലറി ആവശ്യത്തിനല്ല സ്വർണം കടത്തിയതെന്ന് പറയുന്ന എൻഐഎ ഭീകരവാദത്തിന് പണം കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പറയുന്നു. ബെംഗലൂരുവിൽ നിന്ന് പിടിയിലാകുമ്പോൾ സന്ദീപ് നായരുടെ കൈവശമുണ്ടായിരുന്ന ബാഗ് കോടതിയിൽ ഹാജരാക്കി. കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. 

Read Also: സ്വപ്നയും കൂട്ടരും കര്‍ണാടകയില്‍ എത്തിയതെങ്ങനെ?; സംശയം വി മുരളീധരന് നേരെയെന്ന് എംഎം മണി...

 

click me!