തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്  ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപും പൊലീസിനെ വെട്ടിച്ച് കര്‍ണാടകയിലേക്ക് കടത്ത് സര്‍ക്കാരിനേ‍റെ സഹായത്തോടെയാണെന്ന പ്രതിപക്ഷത്തിന്‍റെയും ബിജെപിയുടെയും വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി എംഎ മണി. കർണ്ണാടകത്തിൽ ആർക്ക് പ്രവേശിക്കണമെങ്കിലും രജിസ്ട്രേഷനും കോവിഡ് പരിശോധനയും ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളുണ്ട്. ബിജെപിയുടെ സഹായത്തോടെയാണ് സ്വപ്ന കര്‍ണാടകയിലേക്ക് കടന്നതെന്ന് മന്ത്രി ആരോപിച്ചു.

സ്വാഭാവികമായും കേരള, കർണാടക ബിജെപി നേതൃത്വങ്ങളുടെയും വി മുരളീധരെന്റയും നേരെയാണ് ന്യായമായ സംശയം തെളിഞ്ഞുവരുന്നതെന്ന് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ബി ജെ പി ഭരിക്കുന്ന കർണ്ണാടക തലസ്ഥാനത്ത് ഒരു തടസ്സവുമില്ലാതെ പ്രവേശിക്കുകയും തുടർന്ന് താമസസൗകര്യം തരപ്പെടുത്തി ഒളിവിൽ കഴിഞ്ഞതിനും ബിജെപിക്കോ പ്രതിപക്ഷത്തിനോ യാതൊരു പരിഭവമില്ലെന്നും മന്ത്രി പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

യുഡിഎഫും ബിജെപിയും മുഖ്യ വിഷയമായി ചർച്ച ചെയ്യുന്ന ഒരു കാര്യം സ്വപ്നയും കൂട്ടരും എങ്ങനെ ബാംഗ്ലൂരിലെത്തി എന്നതാണ്. കേന്ദ്ര സർക്കാരിന്റെ ലോക്ഡൗൺ ഇളവുകൾ പ്രകാരം ഇപ്പോൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഏതു സംസ്ഥാനത്താണ് പ്രവേശിക്കുന്നത് അവിടത്തെ സർക്കാരിന്റെ രജിസ്ട്രേഷനും പരിശോധനയുമെല്ലാം കഴിഞ്ഞേ അവർ പ്രവേശിപ്പിക്കുകയുള്ളൂ. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ സത്യസന്ധമായ നിലപാട് അറിയിച്ചിട്ടുണ്ട്. അതിനാൽത്തന്നെ യുഡിഎഫും ബിജെപിയും ഇക്കാര്യത്തിൽ ഞങ്ങൾക്കെതിരെ വിരൽചൂണ്ടുന്നതിൽ യാതൊരു ന്യായവുമില്ല. ഇക്കാര്യം ജനങ്ങൾക്കറിയാം.

രോഗ വ്യാപനത്തിൽ അതിരൂക്ഷമായ സ്ഥിതി നേരിടുന്ന കർണ്ണാടകത്തിൽ ആർക്ക് പ്രവേശിക്കണമെങ്കിലും രജിസ്ട്രേഷനും കോവിഡ് പരിശോധനയും ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. ഈ അവസരത്തിലാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടക തലസ്ഥാനത്ത് ഒരു തടസ്സവുമില്ലാതെ പ്രവേശിക്കുകയും തുടർന്ന് താമസസൗകര്യം തരപ്പെടുത്തി ഒളിവിൽ കഴിഞ്ഞതും. ഇതിലൊന്നും കോൺഗ്രസിനും ബിജെപിക്കും യാതൊരു പരിഭവവുമില്ല. ഇക്കാര്യത്തിൽ സ്വാഭാവികമായും കേരള, കർണാടക ബിജെപി നേതൃത്വങ്ങളുടെയും വി.മുരളീധരെന്റയും നേരെയാണ് ന്യായമായ സംശയം തെളിഞ്ഞുവരുന്നത്. വസ്തുത ഇതായിരുന്നിട്ടും കോൺഗ്രസിനാകട്ടെ ബി.ജെ.പി.യുടെ പങ്കിനെപ്പറ്റി സംശയമേയില്ല! എങ്ങനെ സംശയിക്കാനാ; യുഡിഎഫും ബിജെപിയും ഇവിടെ പരസ്പര ധാരണയിലാണല്ലൊ.