കൊച്ചി: സ്വര്‍ണകടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആര്‍ പുറത്ത്. മൂന്നാം പ്രതിയായ ദുബൈയിലെ വ്യവസായി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ  സ്വദേശം തൃശ്ശൂരാണെന്ന് വ്യക്തമാക്കുന്ന എൻഐഎ ഉദ്യോഗസ്ഥര്‍ എഫ്ഐആറിലെ കൊച്ചി സ്വദേശിയെന്ന മേൽവിലാസം തിരുത്താൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഫാസിലെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് ഫൈസൽ എന്നാക്കണമെന്നും അപേക്ഷയിലുണ്ട്. ഇയാൾക്കെതിരെ  അന്വേഷണം ഊർജിതമാക്കിയെന്നും ദേശീയ അന്വേഷണ വ്യക്തമാക്കി. ഫരീദിനായി വാറണ്ട് പുറപ്പെടുവിക്കാൻ അപേക്ഷയും നൽകി

പിഎസ് സരിത്താണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും ഫാസിൽ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായർ കേസിലെ നാലാം പ്രതിയുമാണ്. ഭീകര പ്രവർത്തനത്തിന് പണം കണ്ടെത്താൻ ആയിരുന്നു സ്വർണ കള്ളക്കടത്ത് എന്ന്‌ എൻ ഐ എ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികൾ ലക്ഷ്യമിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.