പൂജപ്പുര സെൻട്രൽ ജയിലില്‍ പരിശോധന; കത്തിക്കുത്ത് കേസിലെ പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി

By Web TeamFirst Published Oct 17, 2019, 11:02 PM IST
Highlights

നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കും.

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലില്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. യൂണിവേഴ്‍സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളിലൊരാളായ  നസീമിനെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സെന്‍ട്രല്‍ ജയിലിലെ 16 ബ്ലോക്കിലും പരിശോധന നടത്തിയിരുന്നു. നസീമിന്‍റെ ശരീരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കും. ബീഡി, പാന്‍പരാഗ് തുടങ്ങിയവും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കത്തിക്കുത്ത് കേസിലെ ഒരു പ്രതി കൂടി കീഴടങ്ങി. ഒന്‍പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസിൽ 19 പ്രതികൾ പിടിയിലായിട്ടുണ്ട്. ഇനി ഒരാളെ കൂടിയാണ് പിടികൂടാനുള്ളത്. കഴിഞ്ഞ ദിവസം രണ്ട് പ്രതികൾ കീഴടങ്ങിയിരുന്നു. പൂന്തുറ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം, പേയാട് സ്വദേശിയായ നന്ദകിഷോർ എന്നിവര്‍ ചൊവ്വാഴ്ചയാണ് കീഴടങ്ങിയത്. ഇബ്രാഹിം ഏഴാം പ്രതിയും നന്ദകിഷോർ പതിനാറാം പ്രതിയുമാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇരുവരും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

click me!