
തിരുവനന്തപുരം:കൈതോലപ്പായയിൽ രണ്ടരക്കോടി രൂപ പൊതിഞ്ഞ് കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻെറ ആരോപണത്തിൽ കഴമ്പില്ലെന്ന് പൊലീസ്. ശക്തിധരനോ പരാതിക്കാരനായ ബെന്നി ബെഹ്നാനോ തെളിവുകൾ നൽകിയില്ലെന്നാണ് പൊലീസ് വിശദീകരണം. അതിനാൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് അന്വേഷണ സംഘം സിറ്റി പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
ഏറെനാൾ വലിയ രാഷ്ട്രീയചർച്ചയായ വിവാദത്തിലാണ് കഴമ്പില്ലെന്ന പൊലീസ് കണ്ടെത്തൽ.കൊച്ചയിലെ ഓഫീസിൽ വച്ച് രണ്ടകോടി രൂപ എണ്ണി തിട്ടപ്പെടുത്തി കൈതോലപ്പായയിൽ പൊതിഞ്ഞ് പ്രമുഖ നേതാവ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ശക്തിധരന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെയും പോസ്റ്റിൽ പരോക്ഷമായി പറഞ്ഞിരുന്നു. പണം കൊണ്ടുപോയത് ആരാണെന്നോ, തീയതിയോ പോസ്റ്റിലുണ്ടായിരുന്നില്ല. പോസ്റ്റിനു പിന്നാലെ ആരോപണം ഏറ്റുപിടിച്ച പ്രതിപക്ഷം ശക്തിധരന്‍റെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണെന്ന് പറഞ്ഞിരുന്നു.
ബെന്നി ബെഹ്നാന്‍ എംപി നൽകിയ പരാതിയിൽ പൊലിസ് ശക്തിധരന്‍റെ മൊഴിയെടുത്തുവെങ്കിലും അന്വേഷണത്തിന് സഹായമായ ഒന്നും പറഞ്ഞില്ല. ശക്തിധരൻ പരാതിക്കാരനായ ബെന്നി ബെഹന്നാനെയും തള്ളിപ്പറഞ്ഞു. പണം കടത്തിയത് സിപിഎമ്മാണെന്ന് ബെന്നിയുടെ പരാതിയിലുണ്ടായിരുന്നു. ഒരു രാഷ്ട്രീയ സംഘടനക്കെതിരെയും ആരോപണം ഉന്നയിച്ചില്ലെന്നായിരുന്നു ശക്തിധരൻെറ മൊഴി. ബെന്നി ബെഹ്ന്നാനും തെളിവുകള്‍ നൽകാൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് കേസെടുത്തുള്ള അന്വേഷണ സാധ്യത തള്ളി കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണർ സ്റ്റുവർട്ട് കീലർ സിറ്റിപൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് കമ്മീഷണർ പരിശോധിക്കുകയാണ്. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകും. നിലവിലെ അന്വേഷണ റിപ്പോർട്ട് തൃപ്തികരമെങ്കിൽ കേസ് അവസാനിപ്പിക്കും