
തിരുവനന്തപുരം: പാറ്റൂർ ആക്രമണക്കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. എതിർ ചേരിയിൽപ്പെട്ട നിധിനെ ആക്രമിച്ച ശേഷം കയ്യിൽപുരണ്ട രക്തത്തിൻറെ ചിത്രങ്ങൾ ഗുണ്ടാ സംഘം വാട്സ് ആപ്പ് വഴി ഓം പ്രകാശിന് അയച്ചുകൊടുത്തിരുന്നു. ഇന്നലെ പിടിയിലായവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇക്കാര്യം മനസിലാക്കിയത്. ഗുണ്ടകൾക്കായി ഇടനില നിന്ന പൊലിസുകാരെ കുറിച്ചും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
പാറ്റൂരിൽ വച്ച് ബിൽഡറായ നിധിനെ ആക്രമിച്ച കേസിൽ ഓം പ്രകാശിൻെറ ഡ്രൈവർ ഇബ്രാഹിം റാവുത്തർ, സുഹൃത്തായ സൽമാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണ‍്‍ പരിശോധിച്ചപ്പോഴാണ് ഓം പ്രകാശിനെതിരായ കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറയുന്നത്. നിധിനെയും കൂട്ടുകാരെയും ആക്രമിച്ചപ്പോൾ അക്രമികളുടെ കൈകളിലും രക്തം പുരണ്ടു. ഈ ഫോട്ടോകളാണ് ഓം പ്രകാശിന് വാട്സ് ആപ്പ് വഴി അയച്ചുകൊടുത്തതെന്നാണ് കണ്ടെത്തൽ. രണ്ടുപേരുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കും. ആക്രമണ സമയത്ത് ഓം പ്രകാശ് കാറിലുണ്ടായിരുന്നുവെന്നാണ് നിധിൻെറ മൊഴി. ഇതിൻെറ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ പേട്ട പൊലിസ് എട്ടാം പ്രതിയാക്കിയത്. എന്നാൽ ഓം പ്രകാശ് സ്ഥലത്തുണ്ടായിരുന്നുവെന്ന കാര്യത്തിൽ പൊലിസ് ഇപ്പോൾ സംശയമുണ്ട്.
നേരിട്ട് ഓപ്പറേഷനിറങ്ങാതെ ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നാണ് സംശയം. ഗൂഡാലോചനയിൽ പങ്കെടുത്തിനുള്ള തെളിവുകളാണ് പൊലിസ് ഇതേവരെ ലഭിച്ചിട്ടുള്ളത്. അക്രമിസംഘം സഞ്ചരിച്ച കാർ ഓം പ്രകാശിൻെറ ഫ്ലാറ്റിൽ നിന്നാണ് ഇന്നലെ കണ്ടെത്തിയത്. അക്രമിസംഘത്തിൽപ്പെട്ട കണിയാപുരം സ്വദേശി ഷിയാസിനെകൂടി ഇന്ന് അറസ്റ്റ് ചെയ്തു.പാറ്റൂർ ആക്രമക്കേസിൽ 12 പേർ പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ. ഗുണ്ടാസംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇവരുടെ പൊലിസ് ബന്ധങ്ങളും പുറത്തുവരുന്നുണ്ട്.
റിയൽ എസ്റ്റേറ്റിൻറെയും, ഫ്ലാറ്റു നിർമ്മാണത്തിൻറയും മറവിൽ കോടികളാണ് ഗുണ്ടാനേതാക്കൾ സമ്പാദിച്ചത്. പണം പങ്കുവയ്ക്കുന്നിലെ തർക്കമാണ് ഓം പ്രകാശും നിധിനും തമ്മിൽ തെറ്റാൻ കാരണം. ഇതിന് പിന്നാലെ തിരുവനന്തപുരം റൂറലിൽ നിധിനെതിരെ പരാതികൾ വന്നു. ഇതിൽ ഒരു പരാതി പരിഹരിക്കാൻ മൂന്ന് പൊലിസ് ഉദ്യോഗസ്ഥർ ഇടനിക്കാരായി എന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതേ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മാത്രമല്ല ഓം പ്രകാശിൻെറയും മെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയ കേസിലെ പുത്തൻപാലം രാജേഷിൻെറ അറസ്റ്റ് വൈകുന്നതിനു പിന്നിലെ പൊലീസിലെ ഉന്നത ചില ചരടുവലികളുണ്ടെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam