കൂടത്തായി: സിലിയുടെയും മകളുടെയും കൊലപാതകത്തിലെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു? ജോണ്‍സനെ ചോദ്യം ചെയ്യും

By Web TeamFirst Published Oct 25, 2019, 1:03 PM IST
Highlights

കാറിന്‍റെ രഹസ്യ അറയിൽനിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ജോളിയുടെ കാറിൻറെ ഡ്രൈവർ സീറ്റിന് ഇടതുഭാഗത്ത് രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന പൊടി കണ്ടെത്തിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതി ജോളിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന. ചോദ്യംചെയ്യലിൽ സിലിയുടെയും മകള്‍ ആല്‍ഫിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് വ്യക്തമാകുന്നത്.

ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാൻ സീലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെ  അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തു. കേസിൽ മുഖ്യ കണ്ണിയെന്ന് പൊലീസ് കരുതുന്ന ജോളിയുടെ സുഹൃത്ത് ജോൺസൺനെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. ഒപ്പം തന്നെ  ജോളിയുടെ ചോദ്യം ചെയ്യലും തുടരും.

അതേസമയം കാറിന്‍റെ രഹസ്യ അറയിൽനിന്ന് പൊലീസ് കണ്ടെടുത്ത പൊടി സയനൈഡെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ജോളിയുടെ കാറിൻറെ ഡ്രൈവർ സീറ്റിന് ഇടതുഭാഗത്ത് രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന പൊടി കണ്ടെത്തിയത്. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഉടൻതന്നെ കണ്ണൂരിലെ ഫോറൻസിക് ലാബിലെത്തിച്ച് പരിശോധന നടത്തി. സോഡിയം സയെനെയ്ഡെന്നാണ് പരിശോധനാഫലം.

കൂടത്തായി കൊലപാതകപരമ്പരക്ക് ജോളി ഉപയോഗിച്ച് വിഷ വസ്തു ഇതു തന്നെയായിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന് നിഗമനം. പരിശോധനാഫലം നാളെ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും.

click me!