
കോഴിക്കോട്: മെഡിക്കൽ കോളേജിലെ നാല് വയസുകാരിയുടെ ചികിത്സയിൽ പിഴവുണ്ടായ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ രേഖയിൽ എഴുതി. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
Read more അമീബിക് മസ്തിഷ്കജ്വരം: നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്, എല്ലാവരും നെഗറ്റീവ്
ചെറുവണ്ണൂർ മധുര ബസാറിലെ 4 വയസുകാരിക്കാണ് മെഡിക്കൽ കോളജിലെ മാതൃഭൂമി ശിശു സംരക്ഷണ കേന്ദ്രത്തിലെ ചികിത്സ പിഴവിന് ഇരയാകേണ്ടി വന്നത്. കൈവിരലിൻ്റെ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്കാണ് നാവിൽ ശസ്ത്രക്രിയ നടത്തിയത്. ഇന്ന് രാവിലെ 9 30നാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. നാലു വയസുകാരിയുടെ കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് ചെറുവണ്ണൂർ മധുര ബസാറിലെ കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. ആറാം വിരൽ മുടിയിൽ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചതും അതിനനുസരിച്ച് എന്നിവർ ഓപിയിൽ എത്തിയതും. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിലായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ അരുൺ പ്രീത് പറഞ്ഞു. കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam