യുവാവിനെ ജെസിബികൊണ്ട് അടിച്ചുകൊന്ന സംഭവം; പ്രതികളെ പിടികൂടിയില്ല, പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം

By Web TeamFirst Published Jan 25, 2020, 10:52 AM IST
Highlights

സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് ചോദ്യം ചെയ്തതിനാണ് കാട്ടാകട കാഞ്ഞിരംവിളയിലെ സംഗീതിനെ മണ്ണ് മാഫിയ ജെസിബി കൊണ്ടടിച്ച് കൊലപ്പെടുത്തയിത്. 

തിരുവനന്തപുരം: കാട്ടാക്കടയില്‍ യൂവാവിനെ മണ്ണുമാന്തി യന്ത്രം കൊണ്ടടിച്ചുകൊന്ന മാഫിയ സംഘത്തിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തിട്ടും മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് ചോദ്യം ചെയ്തതിനാണ് കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനെ മണ്ണ് മാഫിയ ജെസിബി കൊണ്ടടിച്ച് കൊലപ്പെടുത്തയിത്. 

സംഭവവുമായി ബന്ധപ്പെട്ട് ജെസിബിയുടെ ഉടമസ്ഥന്‍ സജു,ടിപ്പര്‍ ഉടമ ഉത്തമന്‍, കണ്ടാലറിയാവുന്ന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കാട്ടക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നരിവധി ക്രിമിനല്‍ കേസുകള്‍ നിലിവിലുണ്ട്. ജെസിബിയോടിച്ച സംഘത്തിലുണ്ടായിരുന്ന വിജിന്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. നാട്ടുകാര്‍ തന്നെയായ പ്രതികളെ , ഒരു ദിവസം പിന്നിടുമ്പോഴും കണ്ടെത്താന്‍ കഴിയാത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.

അര്‍ദ്ധരാത്രി സംഗീതിന്‍റെ പുരയിടത്തില്‍ മണ്ണുമാഫിയ അതിക്രമം നടത്തുന്നത് കാട്ടാക്കട സ്റ്റേഷനില്‍ വിളിച്ചറിയിച്ചെങ്കിലും പൊലീസ് വൈകിയാണ്  എത്തിയതെന്നും ആക്ഷേപമുണ്ട്. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. കാട്ടാക്കട സിഐ ബിജുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സംഗിതിന്‍റെ മരണത്തോടെ ഭാര്യയും ആറും നാലും വയസ്സുള്ള കുട്ടികളടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ്.

click me!