സംസ്ഥാനത്ത് വീണ്ടും ഡ്രോൺ പറത്തിയതായി സംശയം; പൊലീസ് തെരച്ചിൽ തുടരുന്നു

Published : Mar 30, 2019, 12:30 PM ISTUpdated : Mar 30, 2019, 12:40 PM IST
സംസ്ഥാനത്ത് വീണ്ടും ഡ്രോൺ പറത്തിയതായി സംശയം; പൊലീസ് തെരച്ചിൽ തുടരുന്നു

Synopsis

രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡ്രോൺ പറത്തിയതായി സംശയം. തലസ്ഥാനത്ത് ഇന്നലെ രാത്രിയിൽ പാളയം ഭാഗത്ത് ഡ്രോൺ പറത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. കാറിൽ യാത്ര ചെയ്ത ഒരാളാണ് 11.30 ന് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. വിവരം ലഭിച്ച ഉടനെ തന്നെ പൊലീസ് വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഡ്രോൺ കണ്ടെത്താനായില്ല. ഇപ്പോഴും പരിശോധന തുടരുകയാണ്.  

നേരെത്തെ തീരദേശ മേഖലയിലും പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെയും ഡ്രോൺ പറത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും പൊലീസിന് നിർണായകമായ കണ്ടെത്തലുകളിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് സംസ്ഥാനത്തെ ആശങ്കയിലാക്കിക്കൊണ്ട് വീണ്ടും ഡ്രോൺ പറത്തിയതായി സംശയമുയരുന്നത്.

രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രോണുകള്‍, പാരാ ഗ്ലൈഡ‍റുകൾ, ഹൈഡ്രജൻ ബലൂണുകൾ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

ഉടൻ മുൻ കരുതൽ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തിൽ നിർദ്ദേശമുണ്ട്.

ഡ്രോണുകൾ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നിൽ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണെമന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ മേഖലകളിൽ ഡ്രോണുകളെ വെടിവച്ചിടാൻ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്‍റെ നിർദ്ദേശത്തിൽ പറയുന്നു.

250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

ഡ്രോണുകൾ നിയന്ത്രിക്കുന്നതിനുമുള്ള നോഡൽ ഏജൻസി വ്യോമസേനയായിരിക്കും. നടപടികൾ ഏകോപിപ്പിക്കാൻ പൊലീസിലേയും സൈനിക വിഭാഗങ്ങളിലേയും 5 അംഗങ്ങൾ അടങ്ങുന്ന സമിതി എല്ലാ സംസ്ഥാനങ്ങളിലും ഉടൻ നിലവിൽ വരും. കേന്ദ്രനിർദ്ദേശമനുസരിച്ച് കേരളത്തിലെ ആതീവ സുരക്ഷാ മേഖലകൾ ഉൾപ്പെടുത്തി റെഡ് സോൺ ഉടൻ പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് കേരളാ പൊലീസ്.

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി