
തിരുവനന്തപുരം : മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെതിരെ കൂടുതൽ ആരോപണം. തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും പ്രതി സന്തോഷാണെന്നാണ് പൊലീസിന്റെ സംശയം. ഇത് സംബന്ധിച്ച് തൊടുപുഴ പൊലിസ് മ്യൂസിയം പൊലിസുമായി ബന്ധപ്പെട്ടു. മ്യൂസിയം പൊലിസ് ഇയാളുടെ ചിത്രങ്ങൾ കൈമാറി.
കണ്ണൂർ സ്വദേശിനിയായ ഡോക്ടറുടെതായിരുന്നു പരാതി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവെ 2021 ഡിസംബർ ആറിന് ആയിരുന്നു സംഭവം. ആശുപത്രിയിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടർ പരാതി നൽകിയിരുന്നു. പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലന്ന് തൊടുപുഴ ഡിവൈഎസ്പി മധുബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രതി പാതി മുഖം മറച്ചത് അന്വേഷണത്തിന് തടസ്സമായി. ചിത്രം വരച്ച് കൂടുതൽ അന്വേഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് മ്യൂസിയം പൊലീസിനോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതൊന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി.
അതേസമയം സന്തോഷിനെ മ്യൂസിയം പരിസരത്ത് സ്ത്രീയെ ആക്രമിച്ച സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മ്യൂസിയത്തിനകത്തെത്തിയാണ് പൊലീസ് പ്രതിയുമായി പരിശോധന നടത്തിയത്. കുറവൻകോണത്ത് സ്ത്രീയുടെ വീട്ടിൽ കയറിയതിനും സന്തോഷിനെതിരെ കേസുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ആയിരുന്നു സന്തോഷ്.
മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്‍റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ സന്തോഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡോക്ടരും തിരിച്ചറിഞ്ഞതോടെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.
ഇതിനെല്ലാം പുറമെ പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതും മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയെന്ന് തെളിഞ്ഞു. വിരളടയാള പരിശോധനയിലാണ് സന്തോഷ് തന്നെയാണ് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് തെളിഞ്ഞത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തിൽ പഠനാവശ്യത്തിനെത്തിയ പെൺകുട്ടി, താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്.
വീട്ടിൽ കയറിയ ഇയാൾ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡിസംബറിൽ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. എന്നാൽ ശാസ്ത്രീയമായ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം, മാധ്യമങ്ങളിൽ മ്യൂസിയം കേസിൽ കസ്റ്റഡിയിലുളള സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി ഇയാളാണ് തന്റെ വീട്ടിലും അതിക്രമിച്ച് കയറിയതെന്ന് സംശയിക്കുന്നതായി പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരൽ അടയാള പരിശോധനയിലാണ് പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മ്യൂസിയത്തിനുള്ളിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നടത്തിയ അന്വേഷണമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ, സന്തോഷിലേക്ക് എത്തിയത്. കുറവംകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതും ഇയാൾ തന്നെയാണെന്ന് തെളിഞ്ഞിരുന്നു.
Read More : 'നീതി കിട്ടിയതില്‍ സന്തോഷം', പ്രതിയുടെ പശ്ചാത്തലം ഞെട്ടിച്ചെന്ന് മ്യൂസിയത്തില്‍ ആക്രമിക്കപ്പെട്ട യുവതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam