പ്രതിയുടെ പശ്ചാത്തലം തന്നെ ഞെട്ടിച്ചെന്നും യുവതി വിശദീകരിച്ചു. 

തിരുവനന്തപുരം: പ്രതിയെ പിടികൂടാനായതിലും നീതി കിട്ടിയതിലും സന്തോഷമെന്ന് മ്യൂസിയത്തില്‍ ആക്രമിക്കപ്പെട്ട യുവതി. മ്യൂസിയം പൊലീസിന്‍റെ ഭാഗത്ത് ആദ്യഘട്ടത്തില്‍ വീഴ്ച്ചയുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. ന്യൂസ് അവറിലായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. സംഭവം നടന്ന ദിവസം അഞ്ചേമുക്കാലോടെ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എല്ലാവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയെന്ന് മറുപടി കിട്ടി. തുടര്‍ന്ന് 8.30 ന് എത്താന്‍ ആവശ്യപ്പെട്ടു. 10 മണിയോട് അടുത്ത് മൊഴിയെടുത്തു. ആദ്യം നീതി കിട്ടില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ഡിസിപി ഇടപെട്ടപ്പോളാണ് നീതി കിട്ടിയതെന്നും യുവതി പറഞ്ഞു. പ്രതിയുടെ പശ്ചാത്തലം തന്നെ ഞെട്ടിച്ചെന്നും യുവതി വിശദീകരിച്ചു.

മ്യൂസിയം പരിസരത്ത് പ്രഭാതനടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയെന്ന് തെളിഞ്ഞിരുന്നു. കുറവൻകോണത്ത് സ്ത്രീയുടെ വീട്ടിൽ കയറിയതിന് അറസ്റ്റിലായ സന്തോഷിനെ മ്യൂസിയം കേസിലും അറസ്റ്റ് ചെയ്തു. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25 ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിന്‍റെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോ‍ർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിൽ. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരാണെന്ന് തിരിച്ചറിഞ്ഞു, പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തി. 

മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്‍റെ മൊബൈൽ ടവ‌ർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വനിതാ ഡോക്ചർ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിച്ചു.

YouTube video player