
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴിയും. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിൻറിൽ വച്ച് എംഎൽഎ മർദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്.
യുവതി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചപ്പോള്‍ രണ്ടു പോലീസുകാർ സ്ഥലത്തെത്തിയിരുന്നു. ഒപ്പമുള്ളത് ഭാര്യയാണെന്ന് പറഞ്ഞാണ് പൊലിസുകാരെ എംഎൽഎ മടക്കി അയച്ചത്. ഇതേ കുറിച്ച് അന്ന് സ്ഥലത്തെത്തിയ പൊലീസുകാർ മൊഴി നൽകി.
ബലാൽസംഗത്തിനും വധശ്രമത്തിനും പ്രതിയായ എൽദോസ് ഇപ്പോഴും ഒളിവിലാണ്. അതേസമയം കേസിൽ പരാതിക്കാരിയുമായുള്ള തെളിവെടുപ്പ് പൊലീസ് തുടരുകയാണ്. ഇന്ന് പരാതിക്കാരുമായി അന്വേഷണ സംഘം പെരുമ്പാവൂരിൽ പോയി തെളിവെടുപ്പ് നടത്തിയേക്കും. എൽദോസ് പെരുമ്പാവൂരിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതു പ്രകാരമാണ് പെരുമ്പാവൂരിലും തെളിവെടുപ്പ് നടത്തുന്നത്.
കഴിഞ്ഞ മാസം 14ന് ഒത്തുതീർപ്പ് ചർച്ചയ്ക്കായി വിളിച്ച ശേഷം കോവളം സൂയിസൈഡ് പോയിൻെറിൽ വച്ച് എൽദോസ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ മൊഴി. സമീപത്തെ വീടിന് പിന്നിൽ ഓടിയൊളിച്ചപ്പോള്‍ എംഎൽഎ മർദ്ദിച്ചുവെന്നും മൊഴിയിലുണ്ട്. പീഡന കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചാണ് ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനും കേസെടുത്തത്. വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വസ്ത്രങ്ങള്‍ വലിച്ചുകയറിയതിന് എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കോടതിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി.
അതേ സമയം കേസിൽ നിന്നും പിന്മാറാൻ അഭിഭാഷകൻറെ സാന്നിധ്യത്തിൽ എംഎൽഎ പണം വാഗ്ദാനം ചെയ്തുവെന്ന് നേരത്തെ യുവതി മൊഴി നൽകിയിരുന്നു. ഈ മൊഴിയിലെ തുടർനടപടിക്കായി വഞ്ചിയൂർ പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ 14ന് എംഎൽഎ കോവളം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തതിൻറെ രേഖകൾ തെളിവെടുപ്പിൽ കണ്ടെത്തി. എംഎൽെക്കെതിരെ കൂടുതൽ വകുപ്പുകളും കേസുകളും ചുമത്തുന്ന അന്വേഷണ സംഘത്തിന് ഇതുവരെ എൽദോസിനെ കണ്ടെത്താനായിട്ടില്ല.
അന്വേഷണം തുടരുന്നു എന്ന് മാത്രമാണ് ജില്ലാ ക്രൈം ബ്രാഞ്ച് ആവർത്തിക്കുന്നത്. യുവതിയുമായി കോവളം ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തി. എൽദോസിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും. എംഎൽഎയുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇപ്പോഴും കൈമലർത്തുകയാണ്