
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. മൊബൈൽ ടവറും സിസിടിവിയും കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. കമ്മീഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ, അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിൽ മുതിർന്ന ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സംഭവം നടന്നത് മുതൽ നഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കിട്ടാത്തത് പൊലീസിന് വലിയ നാണക്കേടായി. ഒരു ചുമന്ന സ്കൂട്ടറിൽ സഞ്ചരിച്ചയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഈ സ്കൂട്ടറിൽ സഞ്ചരിച്ചയാളെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിലേക്ക് എത്തുന്നത്. എകെജി സെന്‍ററിലെ സിസിടിവിയിൽ സ്ഫോടക വസ്തു എറിഞ്ഞയാള്‍ എത്തിയ സ്കൂട്ടിറിന്‍റെ മുന്നിൽ ഒരു കവർ തൂക്കിയിട്ടുണ്ട്. ഇത് സ്ഫോക വസ്തു കൊണ്ടുവന്ന കവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ വാഹനം രണ്ട് പ്രാവശ്യം എകെജി സെന്‍ററിന്‍റെ മുന്നിലേക്ക് പോയിട്ടുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഒരു സ്ഥാപനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസിലാക്കി. അപ്പോള്‍ ഈ സ്കൂട്ടിറിൽ കവറില്ല. പൊലീസുകാർ എകെജി സെന്‍ററിന് മുന്നിലുള്ളത് മനസിലാക്കിയ അക്രമി കുന്നുകുഴി വഴി വന്ന് സ്ഫോടക വസ്തു എറിഞ്ഞതാകാമെന്നാണ് നിഗമനം.
ഇതിനിടെ ആരോ സ്ഫോടക വസ്തു നിറഞ്ഞ കവർ അക്രമിക്ക് കൈമറിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. എന്നാല്‍, ഇത്തരം നിഗമനങ്ങളല്ലാതെ ആരാണ് സംഭവത്തിന് പിന്നിലെന്നതിനെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ കുറച്ച് ദിവസം മുമ്പ് എകെജി സെന്‍ററിന് കല്ലെറിയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അന്തിയൂർക്കോണം സ്വദേശിയെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. നിരന്തരമായി സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടുന്ന ഇയാള്‍ക്ക് സിസിടിവിൽ കാണുന്നത് പോയുള്ള സ്കൂട്ടറുള്ളതും സംശയം വർധിപ്പിച്ചു. എന്നാൽ സംഭവ ദിവസം രാത്രി ഇയാള്‍ എകെജി സെൻററിലേക്ക് വന്നതിന് വ്യക്തമായ തെളിവുകൾ ഇതേവരെ ലഭിച്ചിട്ടില്ല. വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസിൽ പ്രതിയെ പിടിക്കാൻ വൈകുന്നത് സർക്കാറിനെയും പൊലീസിനെയും കടുത്ത വെട്ടിലാക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam