എകെജി സെന്‍റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. 

തിരുവനന്തപുരം: എ കെ ജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ റിജുവിനെ വിട്ടയച്ചു. എ കെ ജി സെന്‍റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എ കെ ജി സെന്‍ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂർകോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് സംശയം. പക്ഷെ സംഭവം നടന്നപ്പോൾ ഇയാൾ എ കെ ജി സെന്‍റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞു. 

പക്ഷെ കല്ലെറിയുമെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചേർത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുമെന്ന് പറഞ്ഞ് പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസം നിറഞ്ഞു. പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. 

എ കെ ജി സെന്‍റര്‍ ആക്രമണം; ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ്

എ കെ ജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എ കെ ജി സെന്‍ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. എ കെ ജി സെന്‍റര്‍ ആക്രമണക്കേസിൽ രണ്ടു ദിവസം പിന്നിടുമ്പോഴും പ്രതിയിലേക്കെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്.