പെരിന്തൽമണ്ണ പോക്സോ കേസിൽ പൊലീസ് നടപടി തുടങ്ങി; അമ്മയുടെ മൊഴിയെടുത്തു

By Web TeamFirst Published Jul 15, 2021, 11:46 AM IST
Highlights

എസ്.പിയുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ പൊലീസാണ് മൊഴിയെടുത്തത്. കുട്ടിക്കുണ്ടായ പീഡനം അമ്മ മൊഴിയായി വീണ്ടും നൽകി.

മലപ്പുറം: പെരിന്തൽമണ്ണ പോക്സോ കേസിൽ  പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു. എസ്.പിയുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ പൊലീസാണ് മൊഴിയെടുത്തത്. കുട്ടിക്കുണ്ടായ പീഡനം അമ്മ മൊഴിയായി വീണ്ടും നൽകി.

പോക്സോ കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന പരാതിയുമായി കുട്ടിയുടെ അമ്മ രം​ഗത്തെത്തിയിരുന്നു . നേരിട്ടെത്തി പരാതി പറഞ്ഞിട്ടും കേസെടുക്കാതെ വിഷയം ഒതുക്കിയെന്നാണ് നാലരവയസ്സുകാരിയുടെ അമ്മ ആരോപിച്ചത്. അയൽവാസിയായ യുവാവാണ് കുഞ്ഞിനെയും അമ്മയെയും ഉപദ്രവിച്ചത്. എന്നാൽ പരാതി നൽകിയപ്പോൾ പൊലീസ് കേസ് ഒത്ത് തീർന്നെന്ന് എഴുതിച്ച് വിട്ടുവെന്നും അമ്മ പറയുന്നു.

യുവാവ് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടിട്ടും കേസെടുക്കാതെ ഒത്തു തീർന്നതായി എഴുതിച്ച് വിടുകയായിരുന്നു. പണം വാങ്ങി കേസ് ഒത്തുതീർന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു. 

എന്നാൽ കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം. അമ്മയെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസ് ന്യായീകരിക്കുന്നു. ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീർപ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ അമ്മ എസ്പിക്ക് പരാതി നൽകിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!