
പാലക്കാട് : ഷാറുഖ് സെയ്ഫി പെട്രോൾ വാങ്ങുന്നതിലടക്കം കൃത്യമായ ആസൂത്രണം നടത്തിയെന്ന് വ്യക്തമായതോടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകാമെന്ന അനുമാനത്തിലാണ് പൊലിസ്. ദില്ലി കേന്ദ്രീകരിച്ച് ഗുഢാലോചന നടന്നോയെന്ന് വിശദമായി പരിശോധിക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ നീക്കം. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ നൽകിയ സൂചനകൾ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇയാൾ മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ്.
ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോൺ കോളുകളും കുറിപ്പും യാത്രാ വിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഒപ്പം ഇയാളെതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധം പുലർത്തിയോ എന്ന് പരിശോധിക്കും. സമീപകാലത്തെ ഏതെങ്കിലും സംഭവവികാസങ്ങളിൽ പ്രതിഷേധിക്കാനാണോ ആക്രമണം എന്നും അന്വേഷിക്കുന്നുണ്ട്.
ആക്രമണം നടന്ന ദിവസം പുലർച്ചെ സമ്പർക്കകാന്തി എക്സ്പ്രസിൽ ആണ് ഷാറുഖ് സെയ്ഫി എത്തിതെന്നാണ് മൊഴി. ഇയാൾക്ക് ഒരു പരിചയവുമില്ലാത്ത സ്റ്റേഷനിൽ എത്തി പെട്രോളക്കം വാങ്ങി ആക്രമണത്തിന് തയ്യാറെടുത്തതിലെ ദൂരൂഹത നീക്കാനായിട്ടില്ല. കൊലക്കുറ്റം ചുമത്തിയെങ്കിലും യുഎപിഎ ചുമത്തുന്ന കാര്യത്തിൽ പൊലിസ് അന്തിമ തീരുമാനമെടുത്തിട്ടില്ല. യുഎപിഎ ചുമത്തണമെന്നാണ് എടിഎസിന്റെ നിലപാടെങ്കിലും അന്വേഷണസംഘം അക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. തെളിവെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷൊർണ്ണൂർ, എലത്തൂർ , കണ്ണൂർ എന്നിവടങ്ങളിലായിരിക്കും കേരളത്തിലെ തെളിവെടുപ്പ്.
Read More : ഇംഗ്ലീഷിലും പ്രാവീണ്യം, ഷാറൂഖ് പെട്രോൾ വാങ്ങിയത് ഷൊര്‍ണൂരിൽ നിന്ന്; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam