
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വട പുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു.
വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ‘നില പെട്ടി’ വിവാദം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് രാത്രി പരിശോധന നടത്തിയതാണ് വന്‍ വിവാദത്തിലേക്ക് നയിച്ചത്. നിലമ്പൂരിലും പെട്ടി വിവാദത്തിന്‍റെ തനിയാവര്‍ത്തനമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.
എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് പൊലീസ് പരിശോധന സ്വഭാവികമാണെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചത്. സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടട്ടേയെന്നും സ്വരാജ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam