കണ്ണൂരില്‍ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ റെയ്‍ഡ്, 10 ഇടത്ത് ഒരേസമയം പരിശോധന

Published : Sep 25, 2022, 06:14 PM ISTUpdated : Sep 25, 2022, 10:32 PM IST
 കണ്ണൂരില്‍ പിഎഫ്ഐ പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ റെയ്‍ഡ്,  10 ഇടത്ത് ഒരേസമയം പരിശോധന

Synopsis

 മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും  പൊലീസ് പരിശോധന തുടരുകയാണ്. 

കണ്ണൂര്‍: കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തി പൊലീസ്. എ സി പി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 സ്ഥാപനങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധന നടന്നത്. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള കടകളിലും സൂപ്പർ മാർക്കറ്റുകളിലും പൊലീസ് വ്യാപക റെയ്ഡ് നടത്തിയത്. 

വൈകിട്ട് ആറ് മണിയോടെയാണ് പൊലീസിൻ്റെ മിന്നൽ പരിശോധന തുടങ്ങിയത്. ടൗൺ എ സി പി രത്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മട്ടന്നൂർ , ചക്കരക്കല്ല് , ഇരിട്ടി , ഉളിയിൽ എന്നിവിടങ്ങളിലെ പത്ത് കടകളിൽ ഒരേ സമയം റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിൻ്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത് എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഹർത്താലിന് മുന്നോടിയായുണ്ടായ ഗൂഡാലോചനയിൽ നഗരത്തിലെ സ്ഥാപനങ്ങൾക്ക് പങ്കുണ്ടാ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന. 

പരിശോധന നടത്തിയ താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിലെ ലാപ്ടോപ്പ്, സി പി യു, മൊബൈൽ ഫോൺ, ഫയൽ എന്നിവ പിടിച്ചെടുത്തു. നഗരത്തിലെ സെയിൻ ബസാർ എന്ന ഹൈപ്പർ മാർക്കറ്റിലും, സ്പൈസ്‍ മെന്‍ എന്നീ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ബാങ്ക് ഇടപാടുകളുടെ രേഖകൾ ടാബ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. റെയ്ഡ് 7 മണിയോടെ  പൂർത്തിയായി. അതേസമയം  ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും