Actress assault case : നടിയെ ആക്രമിച്ച കേസ്, പൾസർ സുനിയെ ചോദ്യം ചെയ്തു, നിർണായകം

By Web TeamFirst Published Jan 28, 2022, 6:41 PM IST
Highlights

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress assault case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെ (Pulsar Suni ) (സുനിൽ കുമാർ) ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തിയാണ് ഇയാളുടെ  മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്.

നടൻ ദിലീപിനെ കാണാനെത്തിയപ്പോൾ, സുനിൽ കുമാറിനൊപ്പം കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരൻ സുനിൽ കുമാറിന് പണം നൽകിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പൾസർ സുനി സമ്മതിച്ചതായാണ് വിവരം. ഇത് പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം ഘണ്ഡിക്കാൻ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

അതേ സമയം, ബാലചന്ദ്രകുമാറിർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. മൊബൈൽ ശബ്ദ സംഭാഷണത്തിൽ വ്യക്ത വരുത്തുന്നതിനാണ് ഇന്ന് മൊഴിയെടുത്തതെന്ന് ക്രൈം ബ്രാഞ്ച് എസ്. പി മോഹനചന്ദ്രൻ വിശദീകരിച്ചു. കൂടുതൽ തെളിവുകൾ ഇന്ന് ഹാജരാക്കിയില്ലെന്നും എസ്.പി പറഞ്ഞു. 

ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്‍റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തന്‍റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. 

സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്. 

ദിലീപിന്‍റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. 

 

click me!