
കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി. യുവതിയെ ഐസിയുവിൽ നിന്ന് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്.
കൊവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന്, കഴിഞ്ഞ ദിവസമാണ് കിഴിശ്ശേരി സ്വദേശിനി സഹലയുടെ ഇരട്ടക്കുട്ടികൾ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് അഞ്ചു ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഭർത്താവ് ഷെരീഫ് പറയുന്നു.
ഗർഭിണിയായിരുന്ന സഹല മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് പോയതാണ്. തുടർന്ന് കടുത്ത വേദനയെ തുടർന്നാണ് പുലർച്ചെ തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കൊവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കൊവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. മറ്റൊരു സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. തുടർന്ന് ഉച്ചയോടെ കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടർമാർ ഇല്ലായിരുന്നു. പിന്നീട് ഓമശ്ശേരി ശാന്തി ആശുപത്രിയെ സമീപിച്ചെങ്കിലും ആർടി പിസിആർ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാൻ കഴിയുള്ളു എന്നാണ് അവർ അറിയിച്ചത്. ശനിയാഴ്ച മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടിയെന്ന് ഷരീഫ് പറയുന്നു.
വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേയ്ക്കും ചികിത്സ കിട്ടാതെ 14 മണിക്കൂർ പിന്നിട്ടു. ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് സഹലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. സർക്കാർ നിർദ്ദേശിക്കുന്ന ആന്‍റിജൻ പരിശോധന ഫലം മുഖംവിലയ്ക്കെടുക്കാത്ത സ്വകാര്യ ആശുപത്രികളുടെ കടുംപിടുത്തം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam