
ചങ്ങനാശ്ശേരി: നാട്ടിലേക്ക് പോകണമെന്നും ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾ സംഘടിച്ച പായിപ്പാടേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കുന്നു. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ഇതിനായി പായിപ്പാട് എത്തുക.
അതിനിടെ അവശേഷിച്ച അതിഥി തൊഴിലാളികളെ പൊലീസ് ഇവിടെ നിന്നും ലാത്തി വീശി ഓടിച്ചു. നിലവിൽ ഇവിടെയുള്ള തൊഴിലാളികളെല്ലാം ക്യാംപുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. സംഭരിച്ചു വച്ച വെള്ളവും ഭക്ഷ്യവസ്തുകളും തീർന്നതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി ഇന്ന് റോഡിലിറങ്ങിയത്. നൂറുകണക്കിന് തൊഴിലാളികൾ പായിപ്പാട് ടൌണിൽ ഇറങ്ങി പ്രതിഷേധിച്ചത് ജില്ലാ ഭരണകൂടത്തെ ഞെട്ടിച്ചിരുന്നു.
അതിഥി തൊഴിലാളികൾ ഇനിയും സംഘടിക്കാൻ സാധ്യതയുണ്ടെന്ന് വിവരത്തെ തുടർന്നാണ് പായിപ്പാട് കൂടുതൽ പൊലീസിനെ വിന്യസിക്കാൻ തീരുമാനിച്ചത്. പത്തനംതിട്ടയിൽ നിന്നാവും കൂടുതൽ പൊലീസുകാരെ എത്തിക്കുക. അതിനിടെ പായിപ്പാട്ടെ സ്ഥിതിഗതികൾ പരിശോധിക്കാൻ ചങ്ങനാശ്ശേരിയിൽ ഉന്നതതലയോഗം ചേർന്നു.
മന്ത്രി പി.തിലോത്തമൻ, പത്തനംതിട്ട-കോട്ടയം ജില്ലാ കളക്ടർമാർ, കോട്ടയം എസ്.പി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചങ്ങനാശ്ശേരി റെസ്റ്റ് ഹൌസിലാണ് യോഗം പുരോഗമിക്കുന്നത്. ഇത്രയേറെ തൊഴിലാളികൾ ഒരുമിച്ച് സംഘടിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോട്ടയം കളക്ടർ യോഗത്തിൽ പറഞ്ഞതായാണ് വിവരം. തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്ന തരത്തിലുള്ള ചില വാട്സാപ്പ് സന്ദേശങ്ങൾ തൊഴിലാളികൾക്ക് ഇടയിൽ പ്രചരിച്ചിരുന്നതായും കളക്ടർ പറഞ്ഞു. സന്ദേശം പ്രചരിച്ച ഫോൺ നമ്പറുകൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
അതിനിടെ സ്ഥലത്ത് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇവിടെയുള്ള അതിഥി തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണം ഉറപ്പാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇനി ഇവിടെ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam