
ആലത്തൂർ: ഹൈവേ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. വെള്ളിയാഴ്ച രാവിലെ ദേശീയപാത ആലത്തൂര്‍ സ്വാതി ജങ്ഷന്‍ സിഗ്‌നലിന് സമീപമായിരുന്നു സംഭവം. കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറിയിൽ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമർത്തി ലോറി നിർത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവർ വിനോദ് വൻ ദുരന്തം ഒഴിവാക്കിയത്.
ബെംഗളൂരുവിൽ നിന്നും വരികയായിരുന്ന ലോറി സ്വാതി ജങ്ഷനിൽ എത്തിയപ്പോൾ യുപി സ്വദേശിയായ ഡ്രൈവർ സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങിൽ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് നീങ്ങി. അതിനുമുന്നിൽ നിരവധി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവുകണ്ട് സംശയം തോന്നിയ വിനോദ്
വണ്ടിയ്ക്കകത്ത് നോക്കിയപ്പോൾ ഡ്രൈവർ സ്റ്റിയറിങ്ങിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവർ വിനോദിന്റെ ദേഹത്തേക്ക് വീണിരുന്നു. ഡ്രൈവറെ ലോറിയിൽ നിന്നു താഴെയിറക്കി അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ലോറിയുടെ വരവിൽ പന്തികേടു തോന്നിയ ആലത്തൂർ സ്റ്റേഷനിലെ ഹോംഗാർഡ് ടി.പി.മോഹൻദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാൽ അപകടം ഒഴിവായി.
പാലക്കാട് എ.ആർ.ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് ആലത്തൂർ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam