തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പൊലീസ് കേസെടുത്തു. പതിനഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പൊലീസ് കേസെടുത്തു. പതിനഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ടാണ് ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് യുവാവിനെ ഒരു സംഘം മര്‍ദിച്ചത്. 

ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദനം. കല്‍പ്പത്തൂര്‍ സ്വദേശിയായ യുവാിനെയാണ് വളഞ്ഞിട്ട് അക്രമിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന യുവാവ് രോഗം മാറിയതോടെ ജോലിക്ക് പോയി തുടങ്ങിയതാണ്. മര്‍ദനമേറ്റതിന് പിന്നാലെ യുവാവ് മാനസികമായി തകര്‍ന്നു. ബന്ധുക്കളുടെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. തിരുവള്ളൂര്‍ സ്വദേശികളായ ബബിന്‍, അഭിന്ദ്, നിജേഷ്, അശ്വന്ത്, മുഹമ്മദ് നജീര്‍ എന്നിവരുള്‍പ്പെടെ പതിനഞ്ച് പേര്‍ക്കെതിരെയാണ് കേസ്.

നിയമവിരുദ്ധമായ സംഘം ചേരല്‍, അക്രമിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ചുമത്തി. തിങ്കളാഴ്ച രാത്രിയില്‍ ചാനിയം കടവില്‍ നിന്നും തിരുവള്ളൂര്‍ ഭാഗത്തേക്ക് ഗുഡ്സ് ഓട്ടോയുമായി പോകുമ്പാഴായിരുന്നു മര്‍ദനം. യാത്രക്കിടെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് ഒരു സംഘം ഓട്ടോയെ പിന്തുടര്‍ന്നു. തിരുവള്ളൂരില്‍ വെച്ച് ഓട്ടോറിക്ഷയില്‍ നിന്നും യുവാവിനെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരിടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

YouTube video player