
മലപ്പുറം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന കേരളാ കോൺഗ്രസ് എം നേതാവ് പി ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളെ അനുനയിപ്പിക്കാൻ ചർച്ച തുടരുമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അവിശ്വാസത്തിന് ലീഗിന്റെ പിന്തുണ ഉണ്ടോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. യുഡിഎഫിന്റേതാണ് തീരുമാനം. അക്കാര്യം യുഡിഎഫ് കൺവീനർ പറയും. ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിന്‍റെ അനുമതിയോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്നാണ് പി ജെ ജോസഫ് പറഞ്ഞത്. ജോസ് കെ മാണി വിഭാഗം രാജിവെക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നെന്നും ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്നും ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസും ലീഗും പിന്തുണ ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട യുഡിഎഫ് നിര്‍ദ്ദേശം പാലിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോൺഗ്രസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജി നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ജോസ് വിഭാഗത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ രാജിക്ക് ശേഷം പരിഗണിക്കാമെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന് ഒരാഴ്ച മുമ്പ് യുഡിഎഫ് നിര്‍ദ്ദേശിച്ചിട്ടും നടപ്പാകാത്തതിന്‍റെ അതൃപ്തിയിലാണ് കോൺഗ്രസ്.
പാർട്ടി ഇടതുവരെ രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ജോസ് പക്ഷക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഇന്ന് പറഞ്ഞത്. അങ്ങനെ ഒരു തീരുമാനം പാർട്ടി എടുത്തിട്ടില്ല. യുഡിഎഫിൽ ഇതു സംബന്ധിച്ച് ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ
പാർട്ടി ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്നും സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു.
രാജിക്ക് മുമ്പ് മറ്റ് ചില ധാരണകള്‍ കൂടി ഉണ്ടാകണമെന്ന നിലപാടാണ് ജോസ് കെ മാണിയുടേത് എന്നാണ് സൂചന. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ സീറ്റടക്കം ധാരണയായിട്ട് രാജിവെക്കാം എന്നതാണ് ജോസ് കെ മാണിയുടെ നിലപാടെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam