
കൊല്ലം: കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതിന് സസ്പെൻഷനിലായ പൊലീസുകാർക്കെതിരെ നേരത്തെയും നടപടി. അച്ചടക്ക ലംഘനത്തിന് ഗ്രേഡ് എസ് ഐ സുമേഷ് ലാലിനെതിരെ റൂറൽ എസ് പി മുമ്പും നടപടിയെടുത്തിരുന്നു. സിപിഒ മഹേഷും സ്വഭാവ ദൂഷ്യത്തിൻ്റെ പേരിൽ സ്ഥലം മാറ്റപ്പെട്ടയാളാണ്. ഡ്യൂട്ടിക്കിടെ മദ്യപിച്ച ഇരുവരെയും നാട്ടുകാർ തടഞ്ഞുവെച്ച ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.
ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപിച്ച് രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ നാട്ടുകാർ തടഞ്ഞുവെച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല. തടഞ്ഞ നാട്ടുകാരെ തട്ടിനീക്കിയാണ് പൊലീസുകാർ വാഹനവുമായി സ്ഥലത്ത് നിന്ന് പോയത്.
എന്നാൽ, മദ്യലഹരിയിൽ എത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമെന്നായിരുന്നു വാഹനത്തിലുണ്ടായിരുന്ന എസ് ഐ സുമേഷിൻ്റെ വിശദീകരണം. സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഡ്രൈവറും താനും സ്ഥലത്ത് നിന്ന് മാറിയതെന്നാണ് എസ്ഐ പറയുന്നത്. ഏപ്രിൽ 4 ന് രാത്രി നടന്ന സംഭവത്തിൻ്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam