ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഭര്‍ത്താവിന് നല്‍കി; കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി

By Web TeamFirst Published Nov 4, 2021, 6:39 PM IST
Highlights

തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനൻ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മയുടെ പരാതി. 

കോഴിക്കോട് : ഫോൺ രേഖകള്‍ (phone details) അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി (complaint). കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെ പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നല്‍കി. വകുപ്പുതല അന്വേഷണത്തില്‍ എസിപിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.

തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനൻ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മയുടെ പരാതി. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ പരാതിപ്പെട്ടു. വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്താണ്  അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍. ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോൺ രേഖകള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ചോര്‍ത്തിയത്. 

പരാതിയില്‍ അന്വേഷണം നടത്തിയ മലപ്പുറം എസ്പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എസിപിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസിന്‍റെ അന്വേഷണത്തിന്‍റെ  മറവിലാണ് തെറ്റിദ്ധരിപ്പിച്ച് എസിപി ഫോൺ രേഖകള്‍ ചോര്‍ത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

click me!