
തൃശ്ശൂര്‍: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങിമരിച്ചു (two deaths). തൃശ്ശൂരും (thrissur) വയനാടുമാണ് (wayanad) രണ്ട് മരണം റിപ്പോർട്ട് ചെയ്തത്. തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാണ് മരിച്ചത്. പതിനാല് വയസായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗൗതമിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ സുഹൃത്ത് ഷിജിനെ (15) കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ഫുട്ബോൾ കളിച്ച ശേഷം മന്ദാരംകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. സ്ഥിരമായി ആളുകൾ കുളിക്കുന്ന കടവാണിത്. പുഴയിൽ ചെളി കൂടിയതിനാൽ കാലുകൾ താഴ്ന്നതാകാം അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു ഇരുവരും. ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു തിരച്ചിൽ.
അതേസമയം വയനാട് എടവകയിലും മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തു. കാരക്കുനി ചെമ്പിലോട് സ്വദേശിയായ രണ്ടര വയസുകാരി നാദിയ ഫാത്തിമയാണ് മരിച്ചത്. വീടി് സമീപത്തെ കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഉടൻ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൗഫൽ നജുമത് ദമ്പതികളുടെ മകളാണ് നാദിയ.