കുമളിയിൽ രാജസ്ഥാൻ സ്വദേശിനിയുടെ ആത്മഹത്യ, അന്വേഷണ അട്ടിമറി ശ്രമം, മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

By Web TeamFirst Published Jun 29, 2021, 3:02 PM IST
Highlights

കുട്ടിയുടെ മുറിയിൽ നിന്ന് കിട്ടിയ മൊബൈൽഫോൺ മഹസറിൽ രേഖപ്പെടുത്തിയില്ല, അമ്മയുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷിച്ചില്ല തുടങ്ങി പൊലീസ് വീഴ്ചകൾ എണ്ണിപ്പറയുന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

ഇടുക്കി: ഇടുക്കി കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കുമളി മുൻ എസ്ഐക്കും രണ്ട് ഗ്രേഡ് എസ്ഐമാർക്കുമെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. 

കുമളി മുൻ എസ്ഐ പ്രശാന്ത് പി.നായർ,ഗ്രേഡ് എസ്ഐമാരായ ബെർട്ടിൻ ജോസ്,അക്ബർ സാദത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയതത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറാണ് നടപടിയെടുത്തത്. 

രാജസ്ഥാൻ സ്വദേശിനിയായ പതിനാലുകാരിയുടെ തൂങ്ങിമരണം അന്വേഷിച്ചതിൽ അടിമുടി വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കഴിഞ്ഞ നവംബർ പതിനാലിനാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായെന്നും കണ്ടെത്തി. എന്നാൽ കാര്യമായ കേസന്വേഷണം നടന്നില്ലെന്ന് മാത്രമല്ല അട്ടിമറി ശ്രമവും ഉണ്ടായി. 

കുട്ടിയുടെ മുറിയിൽ നിന്ന് കിട്ടിയ മൊബൈൽഫോൺ മഹസറിൽ രേഖപ്പെടുത്തിയില്ല, അമ്മയുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷിച്ചില്ല തുടങ്ങി പൊലീസ് വീഴ്ചകൾ എണ്ണിപ്പറയുന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എന്നാൽ വീഴ്ച വരുത്തിയിട്ടില്ലെന്നും ഇലക്ഷനോടനുബന്ധിച്ച് സ്റ്റേഷൻ മാറിപ്പോയതാണ് അന്വേഷണം നിലയ്ക്കാൻ കാരണമെന്നുമാണ് സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരുടെ വിശദീകരണം. അതേസമയം റേഞ്ച് ഡിഐജിയുടെ  നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!