ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്‍റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ ലോക കേരള സഭ സമ്മേളനം നടത്തും
തിരുവനന്തപുരം: വീണ്ടും ലോക കേരള സഭ സംഘടിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍. ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്‍റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ ലോക കേരള സഭ സമ്മേളനം നടത്തും. പത്തുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നതിനിടെയാണ് കോടികള്‍ ചെലവിട്ട് ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് നടത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത്. സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് നിയമസഭ മന്ദിരത്തിൽ ലോക കേരള സഭ നടക്കുന്നത്. ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ കോടികള്‍ ചെലവിട്ട് ഇത്തരമൊരു പരിപാടി നടത്തുന്നതിനെതിരെ പ്രതിപക്ഷമടക്കം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. മുൻ വര്‍ഷങ്ങളിൽ ലോക കേരള സഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകള്‍ വിവാദമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് ലോക കേരള സഭയുടെ നാലാം സമ്മേളനം തിരുവനന്തപുരത്ത് നടന്നത്. പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ ഇരുന്നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ യുഡിഎഫ് എംഎൽഎമാർ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. കുവൈത്ത് തീപ്പിടുത്തത്തിന്‍റെ പശ്ചാതലത്തിൽ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലോക കേരള സഭ സമ്മേളനം നടന്നത്. കുവൈത്ത് ദുരന്തം കണക്കിലെടുത്ത് ആഘോഷ പരിപാടികളും ഒഴിവാക്കിയിരുന്നു. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് 2024ലെ സമ്മേളനത്തിൽ പങ്കെടുത്തത്. നിയമസഭാ മന്ദിരത്തിലാണ് പരിപാടി നടന്നത്. സർക്കാറിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണർ പരസ്യമായി തള്ളിയിരുന്നു. ഇത്തവണ ഗവര്‍ണറെ ചടങ്ങിന് ക്ഷണിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.


