
തിരുവനന്തപുരം:ജോലി സമ്മര്‍ദം കുറയ്ക്കാൻ പുതിയ വഴികള്‍ തേടുകയാണ് തലസ്ഥാനത്തെ പൊലീസുകാര്‍. പൊലീസുകാരുടെ സമ്മര്‍ദത്തിന്‍റെ വാര്‍ത്തകള്‍ ഏറെ പുറത്തുവരുന്നതിനിടെയാണ് ഒഴിവുസമയങ്ങളില്‍ വിവിധ മത്സരങ്ങളില്‍ ഏര്‍പ്പെട്ട് ഒരു കൂട്ടം പൊലീസുകാര്‍ ജോലി സമ്മര്‍ദം കുറയ്ക്കുന്നത്.പൊലീസുകാർക്കിടയിലെ ആത്മഹത്യകള്‍ ചർച്ചയാകുമ്പോള്‍ ജോലി സമ്മർദ്ദത്തിന് അയവു വരുത്താനുള്ള വഴികളാണ് തലസ്ഥാനത്തെ പൊലീസുകാര്‍ തേടുന്നത്.
പൊലീസുകാരുടെ റാങ്കോ പദവിയോ ഒന്നും നോക്കാതെ ഒരു മേശയ്ക്ക് ചുറ്റുമിരുന്നാണ് അവര്‍ ആശയങ്ങള്‍ പങ്കുവെക്കുന്നതും വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും. ജവഹർ നഗറിലുള്ള ക്രൈം ബ്രാഞ്ചിന്‍റെ ഓഫീസിനോട് ചേർന്ന് ഒരു ഡമ്പിംഗ് യാർഡിനെ റിക്രിയേഷൻ ക്ലബ് കെട്ടിടമാക്കികൊണ്ടാണ് ഇവര്‍ വിവിധ മത്സരങ്ങളിലേര്‍പ്പെടുന്നത്. കൂട്ടിയിട്ടുന്ന മാലിന്യമെല്ലാം മാറ്റി മുറിവൃത്തിയാക്കിയെടുത്തു.
ഒരു കാരം ബോർഡും, ചെസ് ബോർഡും വാങ്ങി. ജോലി കഴിഞ്ഞുളള സമയം, അല്ലേൽ ഒന്നു വിശ്രമിക്കാൻ സമയം കിട്ടിയാൽ എല്ലാവരും ഇവിടെ ഒത്തുകൂടും. എല്ലാവരും ഒരുമിച്ച് വാശിയോടെ കാരംസും ചെസുമെല്ലാം കളിക്കും. കളിയില്‍ ആവേശമുണ്ടെങ്കിലും ശത്രുതയില്ലെന്നും പ്രതികളോട് മാത്രമാണ് ശത്രുതയെന്നുമാണ് പൊലീസുകാര്‍ പറയുന്നത്. പൊലീസുകാരുടെ വിനോദത്തില്‍ പങ്കെടുക്കാൻ പലപ്പോഴും ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനനും എത്താറുണ്ട്.
എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെ പൊലീസുകാര്‍ റിക്രിയേഷൻ ക്ലബിലെത്താറുള്ളത്. ചെറിയൊരു തുക എല്ലാവരും ക്ലബിൻറെ പ്രവർത്തനത്തിന് നൽകും. ജീവനക്കാരുടെ വീട്ടിൽ ഒരു എന്തെങ്കിലും ഒരു ആവശ്യമുണ്ടായാൽ, വിവാഹ വാർഷികമോ, ജൻമ ദിനമോ അല്ലേൽ മക്കള്‍ മികച്ച വിജയം നേടിയാലോ അഭിനന്ദിക്കാൻ ഈ തുക ഉപയോഗിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam