സാമുദായിക നേതാക്കളുടെ അധിക്ഷേപത്തിൽ വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ. കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

കൊച്ചി: സാമുദായിക നേതാക്കളുടെ അധിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ. കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ വിവാദങ്ങൾക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സമുദായ നേതാക്കളോട് ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാ​ഗം നേതാക്കളുടെ അഭിപ്രായം. സമുദായ സംഘടനാ നേതാക്കള്‍ ഇങ്ങനെ തിരിയുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിൽ പ്രകടിപ്പിക്കുന്നുണ്ട്. എസ് എൻ ഡ‍ി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട സതീശന്‍റെ പരാമര്‍ശമാണ് വിവാദത്തിന്‍റെ തുടക്കം. പിന്നീട് സതീശനെതിരെ വെള്ളാപ്പള്ളിയും എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായരും രം​ഗത്തെത്തി. എന്നാൽ, സമുദായ നേതാക്കളുമായി തര്‍ക്കിക്കേണ്ടെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായത്തിനു ശേഷവും നിലപാടിലുറച്ച് നിൽക്കുകയാണ് വി ഡി സതീശൻ. വ്യക്തിപരമായി ലാഭ നഷ്ടങ്ങള്‍ ഉണ്ടായാലും വര്‍ഗീയതയ്ക്കെതിരായ നിലപാടിൽ വെള്ളം ചേര്‍ക്കില്ലെന്ന് സതീശൻ വ്യക്തമാക്കി.