
തിരുവനന്തപുരം: വിദേശത്തു നിന്നും കോടികള്‍ വിലവരുന്ന എംഡിഎംഎ കടത്തിയ സഞ്ചുവെന്ന സൈജു, സിനിമാ താരങ്ങൾക്കൊപ്പമുള്ള ചിത്രം ഫോണിൽ കണ്ടെത്തിയതിൽ പ്രതികരണവുമായി പൊലീസ്. സഞ്ചുവിൻ്റെ ഫോണിൽ നിന്നും ലഭിച്ച ചിത്രങ്ങൾ ഷൂട്ടിംഗ് സ്ഥലത്ത് എടുത്തതെന്ന് പൊലീസ് പറയുന്നു. തേരി മേരി എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി സെൽഫി എടുത്തിരിക്കുന്നത്.
സഞ്ചുവിന് കോടികളുടെ ബിനാമി സമ്പാദ്യമുണ്ടെന്നും കണ്ടെത്തി. കല്ലമ്പലം ഞെക്കാട് ഇയാൾ രണ്ട് കോടിയോളം രൂപ വരുന്ന വീട് നിർമ്മിക്കുന്നുണ്ട്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ പേരിലാണ് നിർമ്മാണം. വർക്കലയിൽ മൂന്ന് റിസോർട്ടുകൾ പാട്ടത്തിനെടുത്തതായും വിവരമുണ്ട്. വർക്കലയിൽ തന്നെ രണ്ട് തുണിക്കടകളും പ്രതിക്കുണ്ടെന്നാണ് കണ്ടെത്തൽ.
ഒമാനിൽ നിന്നും രണ്ടു കോടി വിലമതിക്കുന്ന എംഡിഎംഎ എത്തിച്ച ഡോൺ സഞ്ചു എന്ന സൈജുവിന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് വിവരം. വലിയ തുക പറഞ്ഞുറപ്പിച്ച് ഒന്നര കിലോ എംഡിഎംഎയാണ് ഇയാൾ എത്തിച്ചത്. സംസ്ഥാനത്തിന് പുറത്ത് അടക്കം ലഹരി വിൽപനക്കാണ് ഇത് എത്തിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം . പലരിൽ നിന്ന് ലക്ഷങ്ങള്‍ അഡ്വാൻസ് വാങ്ങിയതിൻ്റെ തെളിവ് സഞ്ചുവിൻെറ ഫോണിൽ നിന്ന് കിട്ടി. ലഹരി ഉപയോഗത്തിന് പൊലീസും എക്സൈസും ചോദ്യം ചെയ്ത സിനിമാ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ചു പൊലീസിന് കൃത്യമായ മറുപടി നൽകിയില്ല . ലഹരി മരുന്ന് പിടിക്കപ്പെട്ടാലും അന്വേഷണം തന്നിലേയ്ക്ക് എത്താതിരിക്കാൻ ഇയാൾ സൂക്ഷിച്ചിരുന്നു. ഇതിനായി കാട്ടാക്കട സ്വദേശിയുടെ പേരിലാണ് പാഴ്‌സൽ വിമാനത്താവളം വഴി കടത്തിയത്. കാട്ടാക്കട സ്വദേശിക്ക് ടിക്കറ്റ് എടുത്ത് നൽകിയത് സഞ്ചുവാണെന്ന് പൊലീസ് കണ്ടെത്തി. ഭാരം കൂടുതലായതിനാൽ ചില പാഴ്ലുകള്‍ കൊണ്ടുവരാൻ സഞ്ചു ആവശ്യപ്പെട്ട പ്രകാരം കൊണ്ടുവന്നു എന്നാണ് കാട്ടാക്കട സ്വദേശിയുടെ മൊഴി. ഈ വർഷം മാത്രം നാല് പ്രാവശ്യം സഞ്ചു വിദേശയാത്ര നടത്തിയിട്ടുണ്ട്. സഞ്ചുവിനെയും മറ്റ് മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി കല്ലമ്പലം എസ്എച്ചഒ പ്രൈജുവിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam